ജിഷയുടെ കൊലപാതകം: കണ്ണൂരില്‍ പിടിയിലായ അയല്‍വാസിക്ക് രേഖാചിത്രവുമായി സാമ്യം;ചോദ്യം ചെയ്യൽ തുടരുന്നു

single-img
4 May 2016

yh2h1rjyനിയമവിദ്യാര്‍ഥിനി ജിഷ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍, പ്രതിയെന്ന് സംശയിക്കുന്ന 26 വയസുകാരനെ പോലീസ് ചോദ്യം ചെയ്തുവരുന്നു. . കണ്ണൂരില്‍ നിന്ന് പിടിയിലായ ഇയാള്‍ ഏതാനും നാളുകള്‍ക്കുമുമ്പ് ഒരു കഞ്ചാവുകേസില്‍ പ്രതിയായിരുന്നുവെന്നും പോലീസ് അറിയിച്ചു.കൊലനടന്ന ഏപ്രില്‍ 28ന് ഉച്ചയ്ക്കു ശേഷം ജിഷയുടെ വീടിന്റെ പരിസരത്ത് കണ്ട യുവാവിനെക്കുറിച്ച് അയല്‍വാസി നല്‍കിയ വിവരണവും ജിഷയുടെ മാതാവ് രാജേശ്വരി (49) നല്‍കിയ മൊഴിയുമാണ് പ്രതിയെക്കുറിച്ച് സൂചന കിട്ടാന്‍ പൊലീസിനെ സഹായിച്ചത്. കൊല നടത്തിയത് ഒരാളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അയാളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നും ഇയാള്‍ കണ്ണൂരിലുണ്ടെന്ന് മനസിലാക്കുകയും അതുവഴി പൊലീസ് ഇയാളെ കണ്ണൂരില്‍ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അതേസമയം ജിഷ കൊലപാതക കേസിലെ പ്രതിയെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കുറ്റവാളിയെ പിടികൂടാനുള്ള തിരച്ചിൽ പൊലീസ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം ഫലപ്രദമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിഷയുടെ മാതാവിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഷയുടെ കുടുംബത്തിന് എല്ലാ സഹായവും സർക്കാർ നൽകും. സഹോദരിക്ക് സർക്കാർ ജോലി നൽകണമെന്ന് ബന്ധുക്കളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതിയോടെ ജോലി നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ നാട്ടിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണിത്. സംഭവത്തിന് മറ്റൊരു മാനം കൊടുക്കരുത്. കുറ്റകൃത്യത്തിന്‍റെ ഗൗരവം അനുസരിച്ച് തന്നെ എല്ലാ തലങ്ങളിലും നിയമനടപടികൾ ഉണ്ടാകുമെന്നും ഉമ്മൻചാണ്ടി അറിയിച്ചു.

ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിയെ തടയാൻ ഡി.വൈ.എഫ്.ഐ, എസ്.ഡി.പി.ഐ പ്രവർത്തകർ ശ്രമിച്ചു. മുഖ്യമന്ത്രിക്ക് നേരേ പ്രതിഷേധക്കാർ ഗോ ബാക് വിളിച്ചു. മുഖ്യമന്ത്രി സംരക്ഷണം ഒരുക്കാൻ നൂറോളം കോൺഗ്രസ് പ്രവർത്തകരും എത്തിയിരുന്നു. മാധ്യമപ്രവർത്തകർക്കുനേരെ കയ്യേറ്റശ്രമമുണ്ടായി.ആശുപത്രി പരിസരത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

കുറുപ്പംപടി കനാല്‍ പുറമ്പോക്കു ഭൂമിയിലെ അടച്ചുറപ്പില്ലാത്തെ ചെറിയ വീട്ടില്‍ ഏപ്രില്‍ 28 നാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി പീഡിപ്പിച്ചതായാണ് ഫൊറന്‍സിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. ഈ ശ്രമം പരാജയപ്പെട്ടതിനാലാകാം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേല്‍പിച്ചതെന്നും പൊലീസ് അനുമാനിക്കുന്നു.