ശ്രീരഞ്ജിനിയുടെ കരളുറപ്പിൽ അലിയ ഫാത്തിമ ജീവിതത്തിലേക്ക് 

single-img
3 May 2016

indexഒരു മാസത്തോളംനീണ്ട ചികിത്സയ്ക്കു ശേഷം അലിയ ഫാത്തിമ ഇന്നലെ ആശുപത്രി വിട്ടു. അലിയ ഫാത്തിമയെ ചികിത്സയ്ക്കു വിധേയമാക്കണമെന്നു നിദേശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീമും ആശുപത്രി അധികൃതരും അവൾക്കു സ്നേഹോഷ്മള യാത്രയയപ്പു നൽകി. കുടുംബ പ്രശ്നങ്ങൾ കാരണം മകളുടെ ചികിത്സ മുടങ്ങുന്നുവെന്നു ചൂണ്ടിക്കാട്ടി അലിയ ഫാത്തിമയുടെ പിതാവ് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജിയാണ് ചികിത്സയ്ക്കു വഴിയൊരുക്കിയത്. ഹർജി പരിഗണിക്കവെ ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്ഥലം എസ്ഐക്കു നിർദേശം നൽകി. കോടതിയിൽ നൽകിയ റിപ്പോർട്ടിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ അലിയ ഫാത്തിമയുടെ രോഗവിവരം പരാമർശിച്ചതാണു ചികിത്സയ്ക്കു വഴിയൊരുക്കിയത്. കോടതി നിർദേശപ്രകാരം അലിയ ഫാത്തിമയെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയിൽ പിത്തനാളി വികസിക്കാത്ത അപൂ‍ർവഅവസ്ഥ കണ്ടെത്തി. കുട്ടിയുടെ തൂക്കം കുറവായിരുന്നതും വെല്ലുവിളിയായി. കരൾദാതാവിനെ കണ്ടെത്താനും താമസം നേരിട്ടു. ഒടുവിൽ പൂജപ്പുര തമലം സ്വദേശിയായ ശ്രീരഞ്ജിനിയാണു തന്റെ കരൾ പകുത്തുനൽകാൻ സന്നദ്ധയായത്. കരൾ ദാനം ചെയ്യാൻ ശ്രീരഞ്ജിനി തയ്യാറാവുകയും പരിശോധനയിൽ കുട്ടിക്ക് യോജ്യമാകുമെന്നു കാണുകയും ചെയ്തു. എന്നാൽ ഇവരുടെ ഭര്ത്താവ് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകാൻ തയ്യാറായില്ല.ആശുപത്രി അധികൃതർ ഇത് കോടതിയെ അറിയിച്ചു.തുടർന്ന് അവയവദാനത്തിനു ദാനം ചെയ്യുന്ന ആളുടെ സമ്മതം മാത്രം മതിയെന്നും ജീവിതപന്കാളിയുടെ സമ്മതം ആവശ്യമില്ലെന്നും കോടതി വിധിയെഴുതി.ഇതോടെയാണ് ശസ്ത്രക്രിയയ്ക്ക് ഉണ്ടായ തടസം നീങ്ങിയത്.

കരൾകരൾമാറ്റ ശസ്ത്രക്രിയാ വിഭാഗം ചീഫ് കോ–ഓർഡിനേറ്റർ ഡോ. ബി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം 16 മണിക്കൂർനീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണു കരൾ മാറ്റിവച്ചത്. വിജയകരമായ ശസ്ത്രക്രിയയ്ക്കു വിധേയയായ ഏറ്റവും പ്രായം കുറഞ്ഞതും തൂക്കം കുറഞ്ഞതുമായ കുട്ടിയായി അലിയ ഫാത്തിമ. ഈ മാസം ആറിനാണു ശസ്ത്രക്രിയയ്ക്കായി അലിയ ഫാത്തിമയെ കിംസിൽ പ്രവേശിപ്പിച്ചത്. ഡോ. വേണുഗോപാലിനു പുറമെ ഡോ. ഷബീർ അലി, ഡോ. ഷിറാസ് എന്നിവരുംശസ്ത്രക്രിയയ്ക്കു മേൽനോട്ടം വഹിച്ചു. അണുബാധയുണ്ടാകാതിരിക്കാനായി ഇതുവരെ തീവ്രപരിചരണ വിഭാഗത്തിൽ കിടത്തിയിരിക്കുകയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ കുഞ്ഞിന്റെ ചികിത്സയ്ക്കായി സർക്കാർ പത്തു ലക്ഷം രൂപ അനുവദിച്ചു. ബാക്കി പത്തു ലക്ഷം ചെലവ് കിംസ് അധികൃതർ വഹിച്ചു. അലിയ സുഖമായിരിക്കുന്നുവെന്നു കേട്ടതാണു തന്റെ നീതിന്യായ ജീവിതത്തിലെ ഏറ്റവും സംതൃപ്തി നിറഞ്ഞ നിമിഷമെന്നു ജസ്റ്റിസ് സി.െക. അബ്ദുൽ റഹീം പറഞ്ഞു.

ഇതുവരെ 52 കരൾമാറ്റ ശസ്ത്രക്രിയകൾ കിംസിൽ നടത്തിയതായി കിംസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുല്ല പറഞ്ഞു. അഞ്ചെണ്ണം കുട്ടികൾക്കായിരുന്നു. രണ്ടുപേർ ഒരു വയസ്സിന് താഴെ പ്രായമുള്ളവരായിരുന്നു. വൈസ് ചെയർമാൻ ഡോ. ജി.വിജയരാഘവൻ, കിംസ് ഓർഗൻ ട്രാൻസ്പ്ളാന്റ് ചീഫ് കോ–ഓർഡിനേറ്റർ ഡോ. പ്രവീൺ മുരളീധരൻ, കിംസ് എക്സിക്യുട്ടീവ് ഡയറക്ടർ ഇ.എം. നജീബ് എന്നിവരും യാത്രയയയ്ക്കാൻ ഉണ്ടായിരുന്നു.