പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയുടെ അരും കൊല;അന്വേഷണം പരിചയക്കാരിലേക്ക്

single-img
3 May 2016

 

jjisha
പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമ വിദ്യാര്‍ഥിനി ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട കേസില്‍ അന്വേഷണം പരിചയക്കാരിലേക്ക് നീങ്ങുന്നു. കൊലപാതകം നടന്ന സമയവും മൊഴികളും പരിഗണിച്ചാണ് വീട്ടുകാരെ അറിയുന്നവരാകും കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. ജിഷയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും അശ്ളീല സന്ദേശം അയക്കുകയും ചെയ്ത പഞ്ചായത്തംഗത്തിന്‍റെ ബന്ധുവിനേയും പോലീസ് സംശയിക്കുന്നുണ്ട്.ഇയാള്‍ ജിഷയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും അശ്ളീല സന്ദേശം അയക്കുകയും ചെയ്തിരുന്നതായി അമ്മ രാജേശ്വരി പറഞ്ഞു. ഇതേച്ചൊല്ലി അമ്മയും ഇയാളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ വ്യക്തമാക്കി.

ഇതേക്കുറിച്ച് പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു ജിഷയുടെ അമ്മ രാജേശ്വരിയെന്ന് ആരോപിച്ചാണ് അന്വേഷണത്തിൽ പൊലീസ് അനാസ്ഥ കാണിച്ചത്.

ജിഷ കൊല്ലപ്പെടുമ്പോള്‍ അമ്മ ജോലിക്ക് പോയിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയം മനസിലാക്കിയ ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ജിഷയുടെ സഹോദരിയും സംശയിക്കുന്നു. പൂര്‍വ വൈരാഗ്യ സാധ്യതയും പൊലീസ് സംശയിക്കുന്നുണ്ട്.വീട്ടിലെത്തിയ ആരോടോ ജിഷ ഉച്ചത്തില്‍ സംസാരിച്ചുവെന്ന് പൊലീസിന് മൊഴി ലഭിച്ചെന്നാണ് സൂചന. ഇതാണ് വീട്ടുകാരെ പരിചയമുള്ളവരിലേക്ക് അന്വേഷണം നീളാനുള്ള കാരണം. ഇവരുടെ വീടിനു സമീപത്ത് മതില് കെട്ടാന്‍ വന്ന അന്യസംസ്ഥാന തൊഴിലാളികള്‍ വീട്ടുകാരുമായി അടുപ്പത്തിലായിരുന്നു. ഇവരിലേക്കും അന്വേഷണം നീളുന്നുണ്ട്.

ജിഷയുടെ സഹോദരീ ഭർത്താവായിരുന്നയാളെയും പൊലീസ് സംശയിക്കുന്നുണ്ട്. സഹോദരിയുമായി ബന്ധം വേർപ്പെടുത്തിയിരുന്ന ഇയാളിൽ നിന്നും ജിഷക്ക് ഭീഷണി നേരിടേണ്ടി വന്നിരുന്നതായും പറയപ്പെടുന്നു.

അതേസമയം, സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും കേസ് മധ്യമേഖല ഐ.ജി മഹിപാൽ യാദവ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരൻ വ്യക്തമാക്കി.