പൊളിറ്റ്ബ്യൂറോയെ പോലും മദ്യലോബി സ്വാധീനിക്കുന്നു:മദ്യനയത്തിൽ യെച്ചൂരിയുടെ നിലപാട് മാറ്റം അവസരവാദപരമെന്ന് ചെന്നിത്തല

single-img
2 May 2016

Sitaram_Yechury_B_24072013

മദ്യനയവുമായി ബന്ധപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് മാറ്റം അവസരവാദപരമെന്ന് ചെന്നിത്തല.പൊളിറ്റ്ബ്യൂറോയെ പോലും മദ്യലോബി സ്വാധീനിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും ചെന്നിത്തല ആരോപിച്ചു. കൂടാതെ പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളുടെ ഇടപെടലും സമ്മര്‍ദ്ധവുമാണ് യെച്ചൂരിയുടെ നിലപാട് മാറ്റത്തിന് പിന്നില്ലെന്നും നേരത്തെ എടുത്ത നിലപാടില്‍ നിന്ന് പിന്നോക്കം പോയതിന്റെ കാരണം യുക്തിസഹമായി വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

നേരത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും യെച്ചൂരിയുടെ നിലപാട് മാറ്റത്തിനെതിരെ രംഗത്ത് വന്നിരുന്നു.. മദ്യനയത്തിന് ശേഷം മദ്യഉപഭോഗം കുറഞ്ഞില്ലെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം. സിപിഐഎം വന്‍കിട മദ്യലോബികളുടെ താല്‍പര്യം സംരക്ഷിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.

ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍, ഇപ്പോഴത്തെ മദ്യനയത്തില്‍ മദ്യ ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കാത്ത എന്തെങ്കിലുമുണ്ടെന്നു തെളിഞ്ഞാല്‍ മാറ്റം വരുത്തുമെന്നു സീതാറാം യച്ചൂരി ഇന്നലെ പറഞ്ഞിരുന്നു. മദ്യഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുന്ന നടപടികളില്‍ മാറ്റം വരുത്തില്ല. പൂട്ടിയ ബാറുകള്‍ തുറക്കുമോ ഇല്ലയോ എന്നതല്ല പ്രശ്‌നം. മദ്യ ഉപഭോഗം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നതാണ്.

യുഡിഎഫ് സര്‍ക്കാര്‍ ബാറുകള്‍ പൂട്ടിയെന്നു പറയുന്നതില്‍ അര്‍ഥമില്ല. മദ്യത്തില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയാണു ചെയ്തത്. മദ്യനിരോധനം ഞങ്ങളുടെ നയമല്ല. പെട്ടെന്നു മദ്യലഭ്യത പൂര്‍ണമായും ഇല്ലാതാക്കുന്നതിനോടു യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, സിപിഎം അധികാരത്തില്‍ വന്നാല്‍ മദ്യനയം മാറ്റില്ലെന്ന നിലപാടായിരുന്നു യച്ചൂരി ആദ്യം സ്വീകരിച്ചിരുന്നത്.