ചിറാപുഞ്ചിക്ക് ദാഹിക്കുന്നു; മഴ മലയിറങ്ങുന്നു

single-img
2 May 2016

INDIA-jumboമഴയുടെ നാടിന് തൊണ്ട വരളുകയാണ്! ലോകത്തിലെ ഏറ്റവും ഈര്‍പ്പമേറിയ പ്രദേശങ്ങളിലൊന്നായ മേഘാലയയിലെ ചിറാപുഞ്ചി ഇന്ന് ദാഹജലത്തിനായി അലയുകയാണ്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മഴയുടെ സ്വന്തം നാടായ ചിറാപുഞ്ചിയെയും വെറുതെ വിട്ടില്ല.
പ്രാദേശികമായി സോഹ്‌റയെന്നറിയപ്പെടുന്ന ചിറാപുഞ്ചി 1861-ല്‍ 22,987 മില്ലീ മീറ്റര്‍ വാര്‍ഷിക വര്‍ഷപാതത്തോടെയാണ് ഗിന്നസ് ബുക്കിലിടം പിടിച്ചത്. 1970-കളില്‍ ഉണ്ടായിരുന്നതിന്റെ മൂന്നിലൊന്ന് മഴയാണ് ചിറാപുഞ്ചിക്ക്് ഇപ്പോള്‍ ലഭിക്കുന്നത്. അന്ന് ശരാശരി വാര്‍ഷിക വര്‍ഷപാതം 11,000 മില്ലിമീറ്ററായിരുന്നത് 2005 നു ശേഷം 7000ത്തിനും 9000 ഇടയ്ക്കായി കുറഞ്ഞിരിക്കുന്നു. എന്നിട്ടും ലോകത്തിലെ ഏറ്റവും ഈര്‍പ്പമേറിയ രണ്ടാമത്തെ പ്രദേശമാണിവിടം. ഇവിടെനിന്നും ഏകദേശം അഞ്ചു കിലോമീറ്റര്‍ മാത്രം അകലെയുള്ള മൗസിന്റം ഇപ്പോഴും ലോകത്തിലെ ഏറ്റവും ഈര്‍പ്പമേറിയ പ്രദേശമായി തല്‍ക്കാലത്തേക്കെങ്കിലും തുടരുകയാണ്.
ഭരിക്കുന്നവരുടെ ഒത്താശയോടെ യാതൊരു നിയന്ത്രണവുമില്ലാത്ത അനധികൃത വനനശീകരണമാണ് ചിറാപുഞ്ചിയുടെ കാലാവസ്ഥയെ തകിടം മറിച്ചതെന്ന് സെന്റര്‍ ഓഫ് എണ്‍വയോണ്‍മെന്റ് ആന്റ് സോഷ്യല്‍ പോളിസി റിസര്‍ച്ച് എന്ന സ്ഥാപനത്തിലെ ഗവേഷക അമര്‍ജ്യോതി ബോറ ചൂണ്ടിക്കാട്ടുന്നു. മഴയെ തടഞ്ഞുനിറുത്താന്‍ ഇന്നിവിടെ മരങ്ങളില്ല. ലഭ്യമാകുന്ന മഴയാകട്ടെ കുത്തിയൊലിച്ച് നഷ്ടമാകുന്നു. മഴവെള്ളം സംഭരിക്കുന്നതില്‍ ചിറാപുഞ്ചി വരുത്തിയ വീഴ്ചയും വരള്‍ച്ചയ്ക്ക് മറ്റൊരു കാരണമാണ്. വര്‍ഷം മുഴുവന്‍ മഴ ലഭ്യമായിരുന്ന ചിറാപുഞ്ചിക്ക് മഴവെള്ളസംഭരണത്തെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമേയില്ലായിരുന്നു. അതിനാല്‍ മഴയില്ലെങ്കില്‍ ഇവിടെ കുടിവെള്ളവുമില്ലാത്ത അവസ്ഥയാണ്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ മഴകുറയുന്ന മാസങ്ങളില്‍ ഇവിടെ കുടിവെള്ളക്ഷാമവും രൂക്ഷമാണ്.
ജനസംഖ്യാവര്‍ധനവും മറ്റൊരു പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നു. 1961-ല്‍ ചിറാപുഞ്ചിയില്‍ ആകെ 7000 കുടുംബങ്ങളുണ്ടായിരുന്നതില്‍ ഇന്ന് ഈ സ്ഥാനത്ത് പത്തിരട്ടി കുടുംബങ്ങളാണ് ഇവിടുള്ളളത്. 15,000-20,000 ആളുകള്‍ക്കു വിതരണം ചെയ്യാനുള്ള സൗകര്യം മാത്രമാണ് ഇവിടത്തെ കുടിവെള്ളവിതരണസംവിധാനത്തിനുള്ളത്. ഈ സൗകര്യങ്ങള്‍ വെച്ച് 70,000 ത്തോളമാളുകളെ എങ്ങനെയാണ് തൃപ്തരാക്കാനാവുകയെന്ന് അധികൃതര്‍ ചോദിക്കുന്നു.കുന്നുകളും കയറ്റിറക്കങ്ങളും കടന്ന് പുഴകളില്‍ നിന്നും വെള്ളം ശേഖരിക്കുന്നത് ദുഷ്‌കരമാണിവിടെ. ടാങ്കറുകള്‍ കൊണ്ടു വരുന്ന വെള്ളമാകട്ടെ ബക്കറ്റൊന്നിന് 15 രൂപയോളമാകുന്നു.
കാലാനുസൃതമായ ചിറാപുഞ്ചിയുടെ മഴയ്ക്കും മാറ്റങ്ങള്‍ വന്നിരിക്കുന്നു. അുമ്പ് ചിറാപുഞ്ചിയാകെ മഴമേഘങ്ങള്‍ മൂടിയരുന്നുവെങ്കില്‍ ഇന്ന് പ്രദേശമാകെ മഴ പെയ്യുന്നില്ല പകരം ചില ഒറ്റപ്പെട്ടയിടങ്ങളില്‍ പെയ്ത് മഴ പെട്ടെന്ന് മലയിറങ്ങുന്നു.
മേഘാലയ മാത്രമല്ല തൊട്ടടുത്ത സംസ്ഥാനമായ അസമിനും വരള്‍ച്ചയുടെ കണക്കുകള്‍ തന്നെയാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി പറയാനുള്ളത്. ബ്രഹ്മപുത്രാനദി കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കം പതിവായിരുന്ന അസമിലെ 28 ജില്ലകള്‍ ഇന്ന് കടുത്ത വരള്‍ച്ചാ ഭീഷണിയിലാണ്. കാലാവസ്ഥാവ്യതിയാനം ലോകത്തെയൊട്ടാകെ മാറ്റിമറിയ്ക്കുകയാണ്. ഭൂമി നല്‍കിയ മുന്നറിയിപ്പുകളെയെല്ലാം നിസാരവത്കരിച്ച മനുഷ്യന്‍ ഇനിയെങ്കിലും നന്നാകാന്‍ തീരുമാനിച്ചാല്‍ ഒരവസരമെങ്കിലും ലഭിച്ചേക്കാം. ഇല്ലെങ്കില്‍ വംശനാശം വന്ന അനേകം ജീവികളോടൊപ്പം ഇനി ഒരു പേരു കൂടിയുണ്ടാകും; മനുഷ്യന്‍!