ഒമാനില്‍ കൊല്ലപ്പെട്ട ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിച്ചു;സംസ്കാരം വൈകിട്ട്

single-img
2 May 2016

chikku-1

ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കു റോബർട്ടിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. സലാലയില്‍ നിന്ന് രാത്രി മസ്കറ്റിലെത്തിച്ച മൃതദേഹം രാവിലെ ഏഴു മണിയോടെ ഒമാന്‍ എയര്‍ വിമാനത്തിലാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. നെടുമ്പാശേരിയിൽ നിന്ന് 10 മണിയോടെ അങ്കമാലി കറുകുറ്റിയിലെ വീട്ടിലെത്തിച്ച മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വെച്ചു. വൈകിട്ട് മൂന്ന് മണിക്ക് കറുകുറ്റി ക്രിസ്തുരാജ ആശ്രമം പളളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.

റോയല്‍ ഒമാന്‍ പൊലിസ് കസ്റ്റഡിയില്‍ കഴിയുന്ന ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സണിന് കേസന്വേഷണം പൂര്‍ത്തിയാവാത്തതിനാല്‍ ഇന്ത്യയിലേക്ക് പോകാന്‍ പൊലീസ് അനുമതി നല്‍കിയിട്ടില്ല. ലിന്‍സന്റെ സഹോദരനും ബന്ധുക്കളുമാണ് ചിക്കുവിന്റെ മൃതദേഹത്തെ അനുഗമിക്കുക

സലാല ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്‌സായിരുന്ന ചിക്കു റോബര്‍ട്ടിനെ ഏപ്രില്‍ 20നാണ് താമസ സ്ഥലത്തെ മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം ഏറ്റുവാങ്ങാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർ വിമാനത്താവളത്തിൽ എത്തിയിരുന്നു. കൊലപാതകത്തിൽ ചിക്കു റോബർട്ടിന്‍റെ ഭർത്താവ് ലിന്‍സന് പങ്കില്ലെന്ന് ഉമ്മൻചാണ്ടി മാധ്യമങ്ങളെ അറിയിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി വിവരങ്ങൾ സ്ഥിരീകരിക്കാൻ ലിന്‍സന്‍റെ സാന്നിധ്യം സലാലയിൽ ആവശ്യമാണ്. അതിനാലാണ് നാട്ടിലേക്ക് വരാൻ ഒമാൻ പൊലീസ് അനുമതി നൽകാതിരുന്നത്. സമാന രീതിയിലുള്ള കൊലപാതകങ്ങൾ വിദേശ രാജ്യങ്ങളിൽ ആവർത്തിക്കുന്നത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.