സോണിസ് അവാല്‍; ഇവന്‍ ഭൂമി മടക്കി നല്‍കിയ കുഞ്ഞുമാലാഖ

single-img
27 April 2016

Photo: [Angel Martinez/Al Jazeera]

Photo: [Angel Martinez/Al Jazeera]

നേപ്പാള്‍ ഭൂചലനം പത്രമാധ്യമങ്ങളില്‍ കണ്ണീരായി പടര്‍ന്നിറങ്ങിയ ദിനങ്ങള്‍. ഏപ്രില്‍ 30, 2015. അന്നാണ് പ്രതീക്ഷയുടെ ഒരു കുഞ്ഞു പനിനീര്‍പ്പൂവ് പോലെ അഞ്ചു മാസം പ്രായമുള്ള സോണിസ് അവാല്‍ എന്ന കുരുന്നിനെ 22 മണിക്കൂറിനു ശേഷം മണ്‍കൂനയ്ക്കടിയില്‍ നിന്നും പട്ടാളം പുറത്തെടുത്തത്. നേപ്പാള്‍ ദുരന്തത്തിന് ഒരു വര്‍ഷം തികയുകയാണ്.

 
സോണിസിന്റെ അമ്മ രഷ്മിലാ അവാല്‍ ആ സംഭവം ഓര്‍ക്കുമ്പോഴേ തളര്‍ന്നുപോകുന്നു. മൂത്തമകള്‍ 10 വയസുള്ള സോണിയ, ഇളയവന്‍ 5 മാസം മാത്രം പ്രായമുള്ള സോണിസ് എന്നിവരെ വീട്ടിലിരുത്തി രഷ്മിലാ തൊട്ടടുത്ത കടയിലേക്കു പോയതായിരുന്നു. വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ഭൂമി ഒന്നുലഞ്ഞത്. വീട്ടിലേക്ക് ഓടിയെത്തിയപ്പോഴേക്കും കണ്ടു വീടിരുന്നിടത്ത് മണ്‍കട്ടകളും തടികളും കുമിഞ്ഞുകിടക്കുന്നു. ചുറ്റുമുള്ള വീടുകളെയെല്ലാം ഭൂമി കുടഞ്ഞെറിഞ്ഞുകളഞ്ഞിരിക്കുന്നു. വീടുകളില്‍ ആളുകളുണ്ടായിരുന്നോയെന്നു പോലും തോന്നിക്കാത്ത അവസ്ഥ. ബസ് ഡ്രൈവറായ ഭര്‍ത്താവ് ശ്യാം കൃഷ്ണ അവാലും വീട്ടിലേക്ക് പാഞ്ഞെത്തി. പ്രതീക്ഷയോടെ മണ്‍കട്ടയും തടിയും ചികഞ്ഞുനോക്കി. ഏറെത്താമസിയാതെ പ്രതീക്ഷയുടെ ആദ്യകിരണമായി സോണിയയെ കൈയില്‍ കിട്ടി. അപ്പോഴും കുഞ്ഞുസോണിസിന്റെ പൊടി പോലുമില്ല. തളര്‍ന്നുപോയ കുടുംബം നേപ്പാള്‍ ആര്‍മിയെ സഹായത്തിനു വിളച്ചു. വൈകുന്നേരം 6 മണിയോടെ അവര്‍ സ്ഥലത്തെത്തി. 9 മണി വരെയും അവര്‍ മണ്‍കൂന കുഴിച്ചു നോക്കി. എന്നാല്‍ രാത്രി കനത്തു കഴിഞ്ഞതിനാല്‍ വൈദ്യുതിപോലുമില്ലാതെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ഇനി നേരം വെളുത്തിട്ടു രക്ഷാപ്രവര്‍ത്തനം തുടരാമെന്ന് തീരുമാനിച്ചതോടെ നീറുന്ന മനസ്സോടെ തൊട്ടടുത്ത തുറസ്സായ പാടത്തേക്ക് കുടുംബം കിടക്കാന്‍ പോയി.

150430103324-nepal-baby-large-10-exlarge-169
രാവിലെയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മണ്‍കൂനയില്‍ നിന്നും ഒരു നേരിയ കരച്ചില്‍ ശ്യാം കൃഷ്ണയുടെ ചെവിയിലേക്ക് എത്തിയത്. ദൗത്യം അവസാനിപ്പിച്ച് പിന്തിരിയാന്‍ തുടങ്ങിയ പട്ടാളക്കാരും പാഞ്ഞെത്തി. അപ്പോഴേക്കും 22 മണിക്കൂറുകള്‍ പിന്നിട്ടിരുന്നു. പെട്ടെന്നാണ് ഒരു പട്ടാളക്കാരന്റെ കൈകളിലേക്ക് മണ്ണില്‍ പൊതിഞ്ഞ ആ കുഞ്ഞുമാലാഖ പൊന്തിവന്നത്. അടഞ്ഞകണ്ണുകള്‍ മണ്ണ്‌കൊണ്ട് പൊതിഞ്ഞുപോയിരുന്നു. പിന്നെ ഒരാരവമായിരുന്നു. ജീവന്റെ, പ്രതീക്ഷയുടെ ആരവം. ഓരോരോ കൈകള്‍ മറിഞ്ഞ് അവന്‍ താല്‍ക്കാലിക ആശുപത്രിയിലേക്ക് പറന്നെത്തി. സ്വന്തം വീട് സ്‌നേഹത്തിന്റെ ഒരു മണ്‍കൂടാരമായി ആ കുഞ്ഞുമാലാഖയെ പൊതിഞ്ഞുവെയ്ക്കുകയായിരുന്നു. ഒരു കുസൃതിക്ക് ഒന്നു രണ്ടു പോറല്‍! അത്രമാത്രമേ അവന്റെ ആ കുഞ്ഞുമേനിയില്‍ ഭൂകമ്പം അവശേഷിപ്പിച്ചുള്ളു. അമ്മയുടെ കൈകളിലെത്തിയപ്പോള്‍ അവന്‍ പുഞ്ചിരിച്ചു. പ്രതീക്ഷയറ്റ ദുരന്തഭൂമിയില്‍ സോണിസ് നല്‍കിയ ഊര്‍ജ്ജം ചില്ലറയായിരുന്നില്ല. അവന്റെ പാല്‍പ്പുഞ്ചിരി ദുരന്തഭൂമിയിലെ തെളിനീരായി. ലോകമൊട്ടാകെയുള്ള പത്രമാധ്യമങ്ങളില്‍ പ്രതീക്ഷയുടെ പ്രതീകമായി കുഞ്ഞുസോണിസ്. ഇനിയും മണ്ണിനടിയില്‍ ജീവനുകള്‍ ശേഷിക്കുന്നുണ്ടെന്നുള്ള പ്രതീക്ഷ അതോടെ ശക്തമായി. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജസ്വലമായി.

 
7.8 തീവ്രതയുള്ള ഭൂമികുലുക്കത്തില്‍ 9000 ലേറെപ്പേര്‍ മരിച്ചപ്പോള്‍ 22000 ലേറെ പേരാണ് പരിക്കേറ്റും വീട് നഷ്ടപ്പെട്ടും നിത്യദുരിതത്തിലായത്. ലോകമെമ്പാടു നിന്നും കോടിക്കണക്കിന് രൂപയുടെ സഹായമാണ് നേപ്പാളിലേക്ക് പ്രവഹിച്ചതെങ്കിലും രാജ്യത്തെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെങ്ങുമെത്തിയിട്ടില്ലെന്നതാണ് സത്യം. ഏകദേശം 9 ലക്ഷത്തോളം കുടുംബങ്ങള്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണത്തിനായി അധികൃതരുടെ കനിവിനായി കാത്തു കഴിയുന്നു. എല്ലാം ലഭ്യമാണെങ്കിലും തദ്ദേശഭരണകൂടങ്ങളുടെ അലംഭാവം കാരണം സഹായവിതരണം ഏകോപിപ്പിക്കുവാന്‍ സാധിക്കുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
രഷ്മിലയും കുടുംബവും ഭക്താപ്പൂരിലെ തകര്‍ന്നടിഞ്ഞ വീടിന് രണ്ടു കിലോമീറ്റര്‍ അപ്പുറത്തായി ഒരു ഒറ്റമുറി വീട്ടില്‍ കഴിയുന്നു. പത്രങ്ങളില്‍ നിന്നും വായിച്ചറിഞ്ഞവര്‍ സോണിയയുടെ വിദ്യാഭ്യാസത്തിനായി നല്‍കിയ ചെറിയ സഹായങ്ങള്‍ ഈ കുടുംബത്തിന് താങ്ങായി. കുഞ്ഞുസോണിസിനും കളിപ്പാട്ടമായും സാമ്പത്തികമായും ചെറു സഹായങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇതൊന്നുമില്ലാതെ ലക്ഷക്കണക്കിനാളുകള്‍ നേപ്പാളിന്റെ ദുരന്തമുഖമായി താല്‍ക്കാലിക കൂടാരങ്ങളില്‍ ദുരിതപൂര്‍ണമായ ജീവിതം തള്ളിനീക്കുകയാണിന്നും. ലോകമെമ്പാടു നിന്നും ദുരന്തഭൂമിയിലേക്കൊഴുകിയ സഹായം ഇവര്‍ക്കിനി എന്നാണ് ലഭ്യമാവുക?