കേരളത്തില്‍ ഇന്നും നാളേയും കൊടും ചൂടുണ്ടാകുമെന്ന് മുന്നറിയിപ്പ്

single-img
27 April 2016

sun_1412524f_2827010f
കേരളത്തിൽ കൊടുംചൂടുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്. പൊതുവേ സംസ്ഥാനത്ത് താപനില ഉയരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടും. ചിലയിടങ്ങളിൽ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാവകുപ്പിന്‍റെ പ്രവചനം. ഇന്നും നാളെയും അതികഠിനമായ ചൂടുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പുലര്‍ത്താന്‍ എല്ലാ ആസ്പത്രികള്‍ക്കും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. പകല്‍ 11മണിമുതല്‍ മൂന്നുവരെ പുറംജോലികള്‍ ഒഴിവാക്കണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.

കൂടാതെ, തൊഴിലിടങ്ങളില്‍ വെള്ളം, ഒ.ആര്‍.എസ് ലായനി എന്നിവ ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

പുറത്തേക്ക് ഇറങ്ങേണ്ടി വന്നാല്‍ കുട കൈയില്‍ കരുതണം. ദാഹിച്ചില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. മദ്യം,ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം. വെയിലേറ്റതിനെ തുടര്‍ന്ന് എന്തെങ്കിലും ക്ഷീണം അനുഭവപ്പെട്ടാല്‍ വൈദ്യസഹായം തേടണം.

എന്നാല്‍ ഈ കൊടുംചൂട് എത്രദിവസം തുടരുമെന്നും മഴ എന്നുതുടങ്ങുമെന്ന കാര്യത്തിലും യാതൊരു സൂചനയും കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടില്ല.