തളരില്ല ഈ അമ്മ; അവസാനശ്വാസം വരെയും പോരാടും

single-img
26 April 2016

maxresdefault (8)

അര്‍പ്പുതാമ്മാളെ ഓര്‍മ്മയില്ലേ? രാജീവ്ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പ്രതികളിലൊരാളായ പേരറിവാളന്റെ അമ്മ. വെറും ഒരു അമ്മയല്ല, കഴിഞ്ഞ 25 വര്‍ഷങ്ങളായി തന്റെ മകന്റെ മോചനത്തിനു വേണ്ടി ഈ അമ്മ മുട്ടാത്ത വാതിലുകളില്ല. 25 വര്‍ഷങ്ങളായിട്ടുണ്ടാവും അര്‍പ്പുതാമ്മാള്‍ ശരിയായി ഉറങ്ങിയിട്ട്, ആഹാരം കഴിച്ചിട്ട്. കണ്ണടച്ചാലും കണ്ണു തുറന്നാലും മകന്റെ രൂപം മാത്രം.

 
പേരറിവാളന്‍ എന്നാല്‍ അറിവിന്റെ ഇരിപ്പിടം എന്നത്രേ അര്‍ത്ഥം. കാത്തിരുന്നു കിട്ടിയ തന്റെ പൊന്നോമനയ്ക്ക് അപൂര്‍വമായൊരു പേരു തന്നെ വേണമെന്നു മോഹിച്ച അച്ഛന്‍ കുയില്‍ദാസന്‍ തിരുക്കുറലില്‍ നിന്ന് അടര്‍ത്തിയെടുത്തിട്ട പേര്. അറിവ് എന്നാണ് അമ്മ അവനെ സ്‌നേഹപൂര്‍വം വിളിച്ചിരുന്നത്. പേരുപോലെ തന്നെ അറിവിന്റെ നിറകുടം തന്നെയായിരുന്നു അവന്‍. പത്താം ക്ലാസ്സില്‍ സ്‌കൂളില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു അറിവ്. പോളിടെക്‌നിക്ക് ഡിപ്ലോമ ഡിസ്റ്റിംഗ്ഷനോടെ പാസായ ശേഷം ദ്രാവിഡകഴകത്തിന്റെ മുഖപത്രമായ വിടുതലൈയില്‍ ജോലിചെയ്യുന്നതിനൊപ്പം ബാച്ചിലര്‍ ഓഫ് ഇലക്‌ട്രോണിക്‌സിന് ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു അവന്‍. അതിനിടെ അറിവിന്റെ വിധി നിശ്ചയിക്കപ്പെട്ടു. 1991 മെയ് 21-ന് രാത്രി 10:20 ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പതൂരില്‍ നടന്ന മനുഷ്യബോംബ് സ്‌ഫോടനത്തില്‍ ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധി കൊല്ലപ്പെട്ടു. സി.ബി.ഐ. പിറ്റേന്ന് തന്നെ കേസ് ഏറ്റെടുത്തു. കൊലയ്ക്കു പിന്നില്‍ എല്‍.ടി.ടി.ഇ. യാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. മനുഷ്യബോംബായി പൊട്ടിത്തെറിച്ച തനുവിനെക്കൂടാതെ സംഭവസ്ഥലത്തുണ്ടായിരുന്ന ശിവരശന്‍, ശുഭ എന്നിവര്‍ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.

Arputham-Krishna Iyer
1991, ജൂണ്‍ 11-ന് സി.ബി.ഐ.യുടെ ആവശ്യപ്രകാരമാണ് ഇനിയും കുട്ടിത്തം വിട്ടുമാറാത്ത, 19 കാരനായ അറിവിനെ അര്‍പ്പുതാമ്മാള്‍ അവരുടെ ഓഫീസിലെത്തിച്ചത്. വെറുതെയൊരു സംശയത്തിന്റെ പേരിലുള്ള ചോദ്യം ചെയ്യല്‍ എന്നു മാത്രമേ അവര്‍ കരുതിയുള്ളു, അങ്ങനെയാണ് സി.ബി.ഐ. അവരെ വിശ്വസിപ്പിച്ചതും. നാളെ രാവിലെ തന്നെ വിടാമെന്ന് പൊലീസുകാരും ആ അമ്മയെ ആശ്വസിപ്പിച്ചു. പൊലീസുകാരോടൊപ്പം നടന്നു പോയ മകന്‍ തന്റെ ജീവിതത്തില്‍ നിന്നും തന്നെ നടന്നു പോവുകയാണെന്ന് ആ അമ്മ ഒരിക്കലും അറിഞ്ഞിരുന്നില്ല. ജയിലുകളില്‍ നിന്ന് ജയിലുകളിലേക്ക് ഒരമ്മയുടെ യാത്ര തുടങ്ങുകയായിരുന്നു അവിടെ. അറിവിനെ ഓരോ ജയിലിലേക്ക് മാറ്റുമ്പോഴും കവാടത്തില്‍ അര്‍പ്പുതാമ്മാള്‍ നേരത്തേയെത്തി നില്‍ക്കും. മകനെ ഒരു നോക്കു കാണാനായി. മകനെയൊന്നു കാണാനായി അവര്‍ പൊലീസുകാരോട് കലഹിച്ചു, യാചിച്ചു ഫലമുണ്ടായില്ല. അകത്ത് ആ കൗമാരക്കാരന്റെ ശരീരത്തില്‍ മൊട്ടുസൂചിമുതല്‍ തലകീഴായി കെട്ടിത്തൂക്കിയുള്ള മൂന്നാം മുറയുടെ താണ്ഡവം നടക്കവേ അര്‍പ്പുതാമ്മാള്‍ മകനായി നിലവിളികളോടെ രാവെന്നോ പകലെന്നോ ഇല്ലാതെ ഓരോ വാതിലിലും മുട്ടുകയായിരുന്നു. തനുവിനായി നിര്‍മ്മിച്ച ബെല്‍റ്റു ബോംബിനായി ശിവരശന് 9 വോള്‍ട്ട് ബാറ്ററി സംഘടിപ്പിച്ച് നല്‍കിയ ഇല്ക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണ് പൊലീസ് രേഖകളില്‍ ആ പത്തൊന്‍പതുകാരന്‍. ഐ.പി.സി. 120 ബി പ്രകാരം ഗൂഢാലോചന, ഐ.പി.സി. 320 പ്രകാരം കൊലപാതകം എന്നവയില്‍ പങ്കാളിയുമാണ് അവന്‍. എന്നാല്‍ അര്‍പ്പുതാമ്മാള്‍ ഇതൊന്നും സമ്മതിക്കാന്‍ തയ്യാറായില്ല. ഇത്രയും വലിയൊരു തെറ്റ് ചെയ്ത എന്റെ മകന്‍ ഒളിവില്‍പ്പോലും പോകാതെ താന്‍ വിളിച്ചപ്പോള്‍ യാതൊരു സങ്കോചവുമില്ലാതെ കൂടെ വരുമായിരുന്നോയെന്ന അര്‍പ്പുതാമ്മാളിന്റെ ചോദ്യത്തിനൊന്നും ആരും ഉത്തരം നല്‍കിയില്ല.

 
ടാഡാ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിന്റെ അത്യപൂര്‍വമായ വിധി വന്നത് 1998, ജനുവരി 18നായിരുന്നു. കേസിലുള്‍പ്പെട്ട 26 പ്രതികള്‍ക്കും പ്രത്യേക ടാഡാ കോടതി വധശിക്ഷ വിധിച്ചു. സുപ്രീം കോടതിയില്‍ അപ്പീല്‍പോയ 26 പ്രതികളില്‍ 19 പേരെ വെറുതെ വിട്ടു. ടാഡ നിയമം ഈ കേസിന് ബാധകമാവുന്നില്ലായെന്ന് നിരീക്ഷിച്ച സുപ്രീംകോടതി ശാന്തന്‍, മുരുകന്‍, പേരറിവാളന്‍, നളിനി എന്നിവരുടെ വധശിക്ഷ ശരി വെച്ചു. പിന്നീട് സോണിയാ ഗാന്ധി ഇടപെട്ട് നളിനിയുടെ വധശിക്ഷ ഇളവ് ചെയ്യിച്ച് ജീവപര്യന്തമാക്കി. റോബര്‍ട്ട് പയസ്, രവികുമാര്‍, ജയചന്ദ്രന്‍ എന്നിവരെയും വധശിക്ഷയില്‍ നിന്നും ഒഴിവാക്കി ജീവപര്യന്തമാക്കി.

Perarivalan
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവര്‍ രാഷ്ട്രപതിക്കു മുന്നില്‍ സമര്‍പ്പിച്ച ദയാഹര്‍ജി നീണ്ട 11 വര്‍ഷത്തോളം വിധി കാത്തു കിടന്നു. 2011 സെപ്തംബറില്‍ ദയാഹര്‍ജി തള്ളി. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനമായി എങ്കിലും സ്റ്റേ ചെയ്യപ്പെട്ടു. രാം ജഠ്മലാനിയാണ് അന്ന് പ്രതികള്‍ക്കായി കേസ് വാദിച്ചത്.
അറിവ് ജയിലിലും പഠിച്ചുകൊണ്ടേയിരുന്നു. 2012-ല്‍ തടവുകാരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മാര്‍ക്ക്(91.33) വാങ്ങി പ്ലസ്ടു പാസായി. ബാച്ചിലര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ബി.സി. എ.)യും മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി. എ.)-ഉം ഇന്ദിരാ ഗാന്ധി ഓപ്പണ്‍ സര്‍വകലാശാല വഴി പാസായി.തമിഴ്‌നാട് സര്‍വകലാശാലയുടെ ഡിപ്ലാമ കോഴ്‌സ് സ്വര്‍ണമെഡലോടെയാണ് അയാള്‍ പാസായത്.

 
7 തടവുകാരെയും മോചിപ്പിക്കാനാവില്ലെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതാണ് ഇക്കഴിഞ്ഞയാഴ്ച ഒടുവിലായി വന്ന വിധി. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നും കേന്ദ്രം അറിയിച്ചു. 20 വര്‍ഷത്തിലധികമായി ശിക്ഷ അനുഭവിക്കുന്ന തടവുകാരെ മോചിപ്പിക്കണമെന്നാണ് ജയലളിത കേന്ദ്രത്തോടാവശ്യപ്പെട്ടത്. അതും പലം കണ്ടില്ല.
അര്‍പ്പുതാമ്മാള്‍ ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ല. കാരണം 25 വര്‍ഷമായി തളരാതെ പോരാടാന്‍ കഴിഞ്ഞ ആ അമ്മയ്ക്ക് അങ്ങനെ ആകാനേ കഴിയൂ. ഓരോ വിധി വരുമ്പോഴും അര്‍പ്പുതാമ്മാള്‍ അടുത്ത വിധിക്കായി കാത്തിരിക്കുന്നു. ജയിലറകളില്‍ കൊഴിഞ്ഞു വീണത് കണ്ണിലെ കൃഷ്ണമണി പോലെ വളര്‍ത്തിയ തന്റെ മകന്റെ കൗമാരവും യൗവനവുമാണെന്ന് അര്‍പ്പുതാമ്മാള്‍ കണ്ണീരൊഴുക്കുന്നു. 19 വയസില്‍ ജയിലിന്റെ ഇരുട്ടിലേക്ക് മടങ്ങിയ അറിവ് ഇന്ന് 44 കാരനായിരിക്കുന്നു. പൊലീസുകാര്‍ക്കു പോലും ആ അമ്മയുടെ മുന്നില്‍ വാക്കുകള്‍ കിട്ടാറില്ല. ജയിലിലെ എല്ലാവര്‍ക്കും പ്രിയപ്പെട്ട അധ്യാപകനാണ് അറിവ്. സൗമ്യനും ശാന്തശീലനുമായ അറിവിനെക്കുറിച്ച് നല്ല വാക്കുകള്‍ മാത്രമേ പൊലീസുകാര്‍ക്കു പോലുമുള്ളു. ജയിലിനു പുറത്ത് ഒരമ്മയുടെ നിലയ്ക്കാത്ത യുദ്ധം അയാള്‍ക്കറിയാം. ഇത്തവണത്തെ പൊങ്കലിന് മകനുണ്ടാവുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അര്‍പ്പുതാമ്മാള്‍ പ്രതീക്ഷയോടെ പറഞ്ഞിരുന്നു.

perarivalan-660_112613014501
25 വര്‍ഷങ്ങള്‍ ആ അമ്മയില്‍ ഒരു പാട് ആഘാതങ്ങള്‍ വരുത്തിയിരിക്കുന്നു. 69 വയസിന്റെ അവശതയിലും ഒന്നു വിശ്രമിക്കാന്‍ അവര്‍ക്ക് സമയമില്ല. കടലാസുകളും പത്രക്കട്ടിംഗുകളും നിറച്ച ഭാരമേറിയ തോള്‍സഞ്ചിയുമായി നിലയ്ക്കാതെ ചിലച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ഫോണുമായി അര്‍പ്പുതാമ്മാള്‍ അടുത്ത വാതിലിലേക്ക് നീങ്ങുകയാണ്. മനുഷ്യത്വത്തിന്റെ മുഖമുള്ള നീതിയ്ക്കായി. ഇന്ത്യയെമ്പാടും നിരവധി സുഹൃത്തുകളാണ് ഇന്ന് ഈ അമ്മയ്ക്ക്. അവയില്‍ നിയമപാലകരും, രാഷ്ട്രീയക്കാരും, വിദ്യാര്‍ത്ഥികളും എല്ലാം പെടും. അതില്‍ സെങ്കൊടിയെ ആര്‍ക്കും മറക്കാനാവില്ല. 25 വയസുമാത്രമുള്ള സെങ്കൊടിയെന്ന യുവതി കാഞ്ചീപുരം താലൂക്കോഫീസിനു മുന്നില്‍ വെച്ച് മണ്ണെണ്ണയൊഴിച്ച് ആത്മാഹൂതി ചെയ്തുകൊണ്ട് അധികൃതരോടാവശ്യപ്പെട്ടത് ഒന്നു മാത്രമായിരുന്നു, എന്റെ ജീവനുപകരം വധശിക്ഷയ്ക്കു വിധക്കപ്പെട്ട മൂവരുടെയും ജീവന്‍ നിലനിര്‍ത്തുക.

 
രാജീവ്ഗാന്ധിവധത്തെക്കുറിച്ചന്വേഷിച്ച രണ്ടു കമ്മീഷനുകളും അഭിപ്രായപ്പെട്ടത് യഥാര്‍ത്ഥപ്രതികള്‍ ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്നാണ്. ശിവരശന്‍, തനു, ശുഭ എന്നിവര്‍ ഈ ഗൂഢാലോചനയുടെ ഇങ്ങേയറ്റത്തെ കണ്ണികള്‍മാത്രമാണെന്നും. അന്വേഷണ ഉദ്യോഗസ്ഥരായ ഡി. ആര്‍. കാര്‍ത്തികേയന്‍, രാധാ വിനോദ് രാജു, രഘൂത്തമന്‍ എന്നിവര്‍ എഴുതിയ പുസ്തകത്തില്‍ വിധി പൂര്‍ണമായും ശരിയായിരുന്നോയെന്ന സംശയം ബാക്കിവെയ്ക്കുന്നു. പേരറിവാളന്‍ ജയിലില്‍ വെച്ചെഴുതിയ ആന്‍ അപ്പീല്‍ ഫ്രം എ ഡെത്ത് റോ എന്ന പുസ്തകത്തില്‍ തന്റെ കുറ്റസമ്മതം കൊടിയ പീഡനത്തിനൊടുവിലായിരുന്നുവെന്ന് തുറന്നു പറയുന്നു. വധശിക്ഷയ്ക്ക് വേണ്ടിയുള്ള 25 വര്‍ഷത്തെ കാത്തിരിപ്പിനേക്കാള്‍ വലിയ എന്തു ശിക്ഷയാണ് ഒരു കുറ്റവാളിയ്ക്ക നല്‍കാനാവുക? മരിക്കുന്നതിനു മുമ്പെങ്കിലും മനുഷ്യത്വപൂര്‍വമായ ഒരു വിധി വൃദ്ധയായ ആ അമ്മയ്ക്ക് നല്‍കാനായില്ലെങ്കില്‍ മനസാക്ഷിയുടെ കോടതിയില്‍ നമുക്കു തല കുനിച്ചു നില്‍ക്കാന്‍ മാത്രമേ കഴിയൂ.