ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യയിലെ റിക്രൂട്ടർ കൊല്ലപ്പെട്ടു

single-img
25 April 2016

isis-shafi

ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ഇന്ത്യയിലെ റിക്രൂട്ടറും പ്രധാന നേതാവുമായ യൂസഫ് എന്ന പേരിൽ കൂടി അറിയപ്പെടുന്ന മുഹമ്മദ് ഷാഫി അർമർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. സിറിയയിൽ ഏതാനും ദിവസം മുൻപ് യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഷാഫി അർമർ കൊല്ലപ്പെട്ടതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ നിന്നും ഐഎസിലേക്ക് റിക്രൂട്ട്മെന്‍റ് നടത്തുന്നതിന്‍റെ ചുമതല മുഹമ്മദ് ഷാഫിക്കായിരുന്നെന്നാണ് റിപ്പോർട്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ അടുത്തയാളാണ് ഷാഫി. ഇന്ത്യയിൽ ഐഎസിന്‍റെ സ്വാധീനം വർധിപ്പിക്കുന്നതിന്‍റെ ചുമതല ഷാഫിക്കായിരുന്നു.30 പേരെ ഇതുവരെ ഇയാളുടെ നേതൃത്വത്തിൽ ഐഎസിൽ എത്തിച്ചുവെന്നാണ് റിപ്പോർട്ട്. ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന 23 പേരെയാണ് കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഐഎസ് യൂണിറ്റ്തുടങ്ങാനാണ് ഷാഫി അർമർ പദ്ധതിയിട്ടത് എന്നാണ് റിപ്പോർട്ട്.
ഇരുപത്തിനാലുകാരനായ ഷാഫി കർണാടക സ്വദേശിയാണ്. 2015 മാർച്ചിൽ ഇന്ത്യയിലെ ഐഎസ് തലവനായ ഷാഫിയുടെ സഹോദരൻ സുൽത്താൻ അർമാർ കൊല്ലപ്പെട്ടതോടെയാണ് ഷാഫി ഐഎസ് തലപ്പത്തെത്തുന്നത്.