കർശന നിയമാവലിയുമായി സൗദി തൊഴിൽ മന്ത്രാലയം;18 വയസിനു താഴെയും 60 വയസിന് മുകളിലും ഉളളവര്‍ക്കു പുതിയ വിസ അനുവദിക്കില്ല.

single-img
25 April 2016

368x-1
റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ മന്ത്രി ഡോ. മുഫറജ് അല്‍ ഹഖ്ബാനി പുതിയ തൊഴില്‍ നിയമാവലി പ്രഖ്യാപിച്ചു. തൊഴില്‍ വിസയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുസരിച്ച് 18 വയസിനു താഴെയും 60 വയസിന് മുകളില്‍ ഉളളവര്‍ക്കു പുതിയ വിസ അനുവദിക്കില്ല. എന്നാല്‍ കൂടിയ പ്രായപരിധിയില്‍ ഡോക്ടര്‍മാര്‍ക്കും ,വിദഗ്ദര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കും ,ബിനാമി ബിസിനസ് ആണെന്ന് കണ്ടെത്തപ്പെടുന്ന സ്ഥാപനങ്ങള്‍ക്കും വിസ ലഭിക്കില്ല. നിയമപരമല്ലാതെ തൊഴിലാളികളെ പുറത്ത് ജോലിക്കായി അയക്കുന്നവരുടെ വിസാ അപേക്ഷകളും മന്ത്രാലയം നിരസിക്കും.

 
വിസാ കച്ചവടം നടത്തിയാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുളള മുഴുവന്‍ വിസാ നടപടി ക്രമങ്ങളും നിര്‍ത്തിവയ്ക്കും.പിന്നെ അഞ്ച് വര്‍ഷത്തേക്ക് വിസ നല്‍കില്ല. അനുവദിച്ച വിസകള്‍ റദ്ദാക്കുന്നതിന് അപേക്ഷ നല്‍കിയവര്‍ക്ക് പുതിയ വിസകള്‍ നല്‍കില്ല.

 

സ്വകാര്യ മേഖലയില്‍ സ്ത്രീകളുമായി ഇടകലരുന്ന ജോലിക്കാരെ പിരിച്ചു വിടുന്നതിനും പുതിയ നിയമാവലിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത്തരത്തില്‍ ഇടകലര്‍ന്ന് ജോലി ചെയ്യുന്നവരെ കണ്ടെത്തിയാല്‍ ഒരു ദിവസത്തെ ശമ്പളം തടയും വീണ്ടും ഇത് ആവര്‍ത്തിച്ചാല്‍ മൂന്ന് ദിവസത്തെ ശമ്പളം തടയും ,മൂന്നാം തവണയും പിടിയിലായാല്‍ അഞ്ച് ദിവസത്തെ വേതനം നല്‍കില്ല ,നാലാം പ്രാവശ്യം ഇത്തരം തൊഴില്‍ നിയമ ലംഘനം കണ്ടെത്തിയാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടും .വനിതാ ജോലിക്കാരെ പീഡിപ്പിച്ചാല്‍ അവരെയും പിരിച്ചുവിടുമെന്നും മന്ത്രി വ്യക്തമാക്കി.
വിവാഹത്തിന് അഞ്ച് ദിവസവും ,ഭാര്യയോ അടുത്ത ബന്ധുക്കളോ മരിച്ചാല്‍ അഞ്ച് ദിവസവും ,കുട്ടി പിറന്നാള്‍ മൂന്ന് ദിവസവും അവധി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭ്യമാക്കുമെന്നും പുതിയ നിയമാവലിയില്‍ പറയുന്നു.സ്വകാര്യ സ്ഥാപനങ്ങളിലെ സൗദിവത്ക്കരണം 75 ശതമാനമായി നിശ്ചയിക്കുമെന്നു പുതിയ തൊഴില്‍ നിയമാവലിയില്‍ പറയുന്നു .സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികയെക്കുറിച്ച് 15 ദിവസത്തിനകം തൊഴില്‍ മന്ത്രാലയത്തില്‍ അറിയിക്കണം . തൊഴിലാളികളുടെ എണ്ണം , വേതനം ,യോഗ്യത ,സ്ഥലം എന്നീ വിവരങ്ങളും തൊഴിലുടമ സമര്‍പ്പിക്കേണ്ടതുണ്ട്.