പഞ്ചാബിനെതിരെ കൊല്ക്കത്തയ്ക്ക് ജയം :ഉത്തപ്പ തിളങ്ങി

single-img
20 April 2016
KKR-PTI 5
റോബിൻ ഉത്തപ്പ നിറഞ്ഞാടിയപ്പോൾ ഐ പി എല്ലിൽ പഞ്ചാബിനെതിരെ കൊൽകൊത്തയ്ക്ക് അനായാസജയം . കിങ്സ് ഇലവന്‍ പഞ്ചാബിനെ 138 റണ്‍സില്‍ ഒതുക്കിയ  കൊല്‍ക്കത്ത 17 പന്ത് ബാക്കിനില്‍ക്കെ 141 റണ്‍സടിച്ച് ആറ് വിക്കറ്റിന് കളി സ്വന്തമാക്കി. സ്പിന്നർമാരുടെ മികവാണ് പഞ്ചാബിന്റെ സ്കോർ  ഇത്രയും ചെറുതാക്കാൻ സഹായിച്ചത്.
ടോസ് നേടിയ കൊല്‍ക്കത്തക്കാര്‍ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.പഞ്ചാബ് നിരയില്‍ ഷോണ്‍ മാര്‍ഷും മുരളി വിജയിയും മാത്രമാണ് ഭേദപ്പെട്ട റണ്‍സ് അടിച്ചെടുത്തത്.മാര്‍ഷ് 41 പന്തില്‍ നിന്ന് ഒരു സിക്‌സറും അഞ്ച് ബൗണ്ടറിയുമടക്കം 56 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.മുരളി വിജയ് 22 പന്തില്‍ നിന്ന് 26 റണ്‍സെടുത്തു.മൂന്നാമത്തെ ഓവര്‍ മുതല്‍ സ്പിന്നര്‍മാരെ ഇറക്കിയ ഗംഭീറിന്‍െറ തന്ത്രം വിജയിച്ചു. പിയൂഷ് ചൗളയുടെ ലെഗ് കട്ടറിൽ  മുരളി പുറത്തായി.അടുത്തത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹയെ സുനില്‍ നരെയ്ൻ  വീഴ്ത്തി. വിക്കറ്റിന് പിന്നില്‍ കീപ്പര്‍ റോബിന്‍ ഉത്തപ്പക്ക് ക്യാച്ച്.  പഞ്ചാബിന്റെ മറ്റൊരു ബാറ്റ്‌സമാന്‍ കെയില്‍ അബോട്ട് 12 റണ്‍സുമായി പുറത്താകാതെ നിന്നു.മനാന്‍ വോഹ്‌റ(12 പന്തില്‍ 8),വൃദ്ധിമാന്‍ സാഹ(14 പന്തില്‍ 8),ഡേവിഡ് മില്ലര്‍(6),മാക്‌സ്‌വെല്‍(4),അക്‌സര്‍ പട്ടേല്‍(9),മോഹിത് ശര്‍മ(1),പാര്‍ദീപ് സഹു(1) എന്നിവര്‍ ബാറ്റിങ് നിരയില്‍ നിരാശപെടുത്തി. മൂന്ന് ക്യാച്ചും ഒരു റണ്ണൗട്ടുമായി വിക്കറ്റിന് പിന്നിലും ഉത്തപ്പ  തിളങ്ങി.
 8.3 ഓവറില്‍ ഗൗതം ഗംഭീറിന്റെയും റോബിൻ ഉത്തപ്പയുടെയും  കൂട്ടുകെട്ട് 82 റണ്‍സ് ചേര്‍ത്തു.ഉത്തപ്പ ഈ സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറിയും കണ്ടത്തെി. 28 പന്തില്‍ ഒമ്പത് ബൗണ്ടറികളോടെയാണ് ഉത്തപ്പ 53 റണ്‍സെടുത്തത്. പ്രദീപ് സാഹുവിന്‍െറ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഉത്തപ്പ പുറത്തായത്. തൊട്ടുപിന്നാലെ 34 റൺസുമായി ഗംഭീറും പോയി. മനീഷ് പാണ്ഡേ (12), ഷാക്കിബല്‍ ഹസന്‍ (11) എന്നിവര്‍ പെട്ടെന്ന് പുറത്തായെങ്കിലും  അഞ്ച് പന്തില്‍ 12 റണ്‍സുമായി യൂസഫ് പത്താനും 11 റണ്‍സുമായി സൂര്യ യാദവും പുറത്താകാതെ നിന്നു.