നികേഷ് കുമാറിനെതിരായ ഓഹരി കൈമാറ്റ തട്ടിപ്പ് കേസിലെ സ്റ്റേ നീട്ടിയില്ല; ഈ മാസം 28 വരെയാണ് കേസില്‍ സ്റ്റേ

single-img
20 April 2016

Nikesh-Kumar.jpg.image.784.410
റിപ്പോര്‍ട്ടര്‍ ടിവിയിലെ ഓഹരിതട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സ്റ്റേ നീട്ടിനല്‍കണമെന്ന റിപ്പോര്‍ട്ടര്‍ എം.ഡിയും അഴീക്കോട്ടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ എം.വി.നികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. ഈമാസം 28 വരെ സ്റ്റേ അനുവദിച്ചതായും അതിനു മുമ്പ് ആവശ്യം പരിഗണിക്കാനാവില്ലെന്നും ജസ്റ്റിസ് പി.ഉബൈദ് വ്യക്തമാക്കി. കേസിൽ അനുരഞ്ജനശ്രമം നടത്തുമെന്ന് ഹർജിക്കാരൻ ഉറപ്പു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലേ സ്റ്റേ നീട്ടണമെന്ന ആവശ്യം പരിഗണിക്കാനാവൂയെന്നും കോടതി പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടിവി ആരംഭിക്കാന്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ ലാലി ജോസഫ് തന്റെ ഓഹരികള്‍ നികേഷും ഭാര്യ റാണിയും ചേര്‍ന്ന് വ്യാജരേഖ ചമച്ച് തട്ടിയെടുത്തു എന്ന് ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയെ തുടര്‍ന്ന് തൊടുപുഴ ഡി.വൈ.എസ്.പി പ്രാഥമിക അന്വേഷണം നടത്തി നികേഷിനും ഭാര്യ റാണിക്കും എതിരെ വഞ്ചനാ, വ്യാജ രേഖ ചമയ്ക്കല്‍, തട്ടിപ്പ്, പണം തട്ടിയെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളില്‍ എഫ്.ഐ.ആര്‍ ഇട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.ഈ കേസിലാണു നികേഷ് സ്റ്റേ വാങ്ങിയിരുന്നത്.