കാട് വിളിക്കുന്നു;ജംഗിള്‍ബുക്ക് റിവ്യൂ

single-img
18 April 2016

477065-mowgli-jb
ഒരു തരത്തില്‍ ജംഗിള്‍ബുക്ക് മൗഗ്ലിയുടെ സ്വത്വാന്വേഷണവും കാടിന്റെ അതിജീവനവുമാണെന്ന് പറയാം. ചെറുതെന്ന വാക്ക് കാടിനു ചേരില്ലെന്നു തോന്നും ജംഗിള്‍ബുക്ക് കണ്ടാല്‍ കാടിന്റെ വന്യമായ വശ്യത ചിത്രം കണ്ടിറങ്ങിയാലും കാഴ്ചക്കാരനോടൊപ്പം കൂടും. ജോണ്‍ഫെവ്‌റൗവിന്റെ സംവിധാനമികവില്‍ പുതിയ ജംഗിള്‍ബുക്ക് കുറച്ചു കൂടി ഗൗരവമായ കാഴ്ചയാണ് നല്‍കുന്നത്.
ചെന്നായ വളര്‍ത്തിയ മനുഷ്യക്കുട്ടിയാണ് മൗഗ്ലി. രക്ഷയെന്ന ചെന്നായയാണ് അവന് അമ്മ. അവളുടെ മക്കള്‍ സഹോദരങ്ങള്‍. അകേലയും ബഗീരയും ബാലുക്കരടിയുമെല്ലാം ഗുരുതുല്യരാണ്. ഷേര്‍ഖാന്‍ എന്ന കടുവയാണ് വില്ലന്‍.
മനുഷ്യന്റെ ലോകം പോലെ തന്നെ കാടിനും അലംഘനീയമായ ചില നിയമങ്ങളുണ്ട്. ചെന്നായ്ക്കൂട്ടത്തിന്റെ ശക്തി ചെന്നായയാണ്; ചെന്നായയുടെ ശക്തി ചെന്നായക്കൂട്ടമാണ് – ഇത് മൃഗലോകത്തിന്റെ തത്വസംഹിതയാണ്. വനത്തില്‍ ഉടമ്പടികളുമുണ്ട്. വേനലില്‍ പുഴയില്‍ വെള്ളം കുറഞ്ഞപ്പോഴാണ് ഉടമ്പടി നിലവില്‍ വന്നത്. അടുത്ത മഴക്കാലം വരെ എല്ലാ മൃഗങ്ങള്‍ക്കും ഒരുമയോടെ ഒരേ സമയം ദാഹം തീര്‍ക്കാം. അവിടെ വേട്ടക്കാരനും ഇരയും ഇല്ല. എല്ലാവരും സമ•ാര്‍. കുടിവെള്ളത്തിന് എല്ലാവര്‍ക്കും തുല്യാവകാശം. കാട്ടിനെ വിറപ്പിച്ച ഷേര്‍ഖാന്‍ മുതല്‍ ചെറു മുള്ളന്‍പന്നി വരെ ശിരസാവഹിച്ച വെടിനിറുത്തല്‍ സന്ധി. കാടിന്റെ തത്വസംഹിതകളില്‍ വെള്ളംചേര്‍ക്കലില്ല, അതു മനുഷ്യന് മാത്രമുള്ളതാണ്. തന്ത്രങ്ങള്‍ മനുഷ്യനുള്ളതാണ്; മൃഗങ്ങള്‍ക്കതു ചേരില്ല. കാടിന് ഒരു നിയമമേയുള്ളു. കരുത്തുള്ളവന്‍ അതിജീവിക്കും. പരാജിതന്‍ കളമൊഴിഞ്ഞേ തീരൂ. ബഗീര മൗഗ്ലിയ്ക്ക് ചൊല്ലിക്കൊടുക്കുന്ന പാഠമാണത്. തലയെടുപ്പോടെ ഭൂമികുലുക്കി വരുന്ന ആനക്കൂട്ടങ്ങള്‍ക്കു മുമ്പില്‍ കുമ്പിടാന്‍ പറയുന്ന ബഗീര മറ്റൊന്നും മൗഗ്ലിക്കു ചൊല്ലിക്കൊടുക്കുന്നു. ആനകള്‍ കാടിന്റെ സ്രഷ്ടാക്കളാണ്. അവയുടെ കൊമ്പുകള്‍ വരയ്ക്കുന്ന വഴിയിലൂടെ പുഴ ഒഴുകും, ജീവന്‍ വിളയും. അത് കാടിന്റെ നേരാണ്. പ്രേക്ഷകനു പോലും കുമ്പിടാന്‍ തോന്നിപ്പോകും ആ വാക്കുകള്‍ കേള്‍ക്കുമ്പോള്‍. നമുക്കോ ആനകള്‍ വെറും അടിമകള്‍ !

the-jungle-book-1

 

രണ്ടുകാലില്‍ നടക്കുന്ന ജീവിയായ മനുഷ്യനെ മൃഗങ്ങള്‍ വെറുക്കുന്നു. എന്നാല്‍ എല്ലാ മൃഗങ്ങളും മനുഷ്യനെ വെറുക്കുന്നില്ല. കുരങ്ങ•ാരുടെ രാജാവ് ലൂയിക്ക് തന്റെ വാര്‍ധക്യത്തിലും മനുഷ്യന്‍ എന്ന ജ•ം മോഹിപ്പിക്കുന്ന ഒന്നാണ്. മനുഷ്യനെപ്പോലെ ചാടാനും നടക്കാനും പാടാനും ആടാനും തീവ്രമായി മോഹിക്കുന്ന രാജാവാണ് ലൂയി. അതിനായി രാജാവ് മൗഗ്ലിയെ തട്ടിയെടുക്കുന്നു. ഒരേയൊരാവശ്യം മാത്രം:സര്‍വസൃഷ്ടികളെയും ചുട്ടെരിക്കുന്ന എല്ലാം തുടങ്ങുവാനും ഒടുക്കുവാനും കഴിവുള്ള ആ ചുവന്ന പൂവ് വേണം. ചുവന്ന പൂവ് അഥവാ തീ യുടെ അധിപനായ മനുഷ്യന്‍ സര്‍വശക്തനാകുന്നു. കാടിനെപ്പോലും നക്കിത്തുടയ്ക്കാന്‍ കഴിയുന്ന ചുവന്ന പൂവിനോടുള്ള വെറുപ്പാണ് ഷേര്‍ഖാനെ മൗഗ്ലിയുടെ ആജീവനാന്ത ശത്രുവാക്കിയത്. മൗഗ്ലിയുടെ പിതാവ് ഷേര്‍ഖാന്റെ കൈകളാല്‍ കൊല്ലപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ തീപ്പന്തത്തില്‍ നിന്നേറ്റ പൊള്ളലിന്റെ ഓര്‍മ്മ ഷേര്‍ഖാനെ നിരന്തരം വേട്ടയാടുന്നു. അതിനൊരു പരിഹാരമേ അവന്റെ മുന്നിലുണ്ടായിരുന്നുള്ളു; മൗഗ്ലിയുടെ മരണം.

 

[mom_video type=”youtube” id=”5mkm22yO-bs”]
ഷേര്‍ഖാനില്‍ നിന്നും രക്ഷപ്പെടുത്താനായി അകേലയാണ് മൗഗ്ലിയെ മനുഷ്യരുടെ ഗ്രാമത്തിലേയ്ക്കയക്കുന്നത്. എന്നാല്‍ കാടല്ലാതെ മറ്റൊരു വീടില്ലെന്നും ഒരു പരിപൂര്‍ണ മനുഷ്യനായിത്തന്നെ കാട്ടില്‍ തനിക്കു ജീവിക്കാനാകുമെന്നും ബാലുക്കരടിയിലൂടെ തിരിച്ചറിയുന്ന മൗഗ്ലി മനുഷ്യനില്‍ നിന്നും ആ ചുവന്ന പൂവുമായി കാട്ടിലേക്കു മടങ്ങുന്നു. കാടിന്റെ വന്യതയിലേക്ക് അവന്‍ കൊണ്ടു വന്ന പൂവില്‍ നിന്നിറ്റുവീഴുന്ന ഓരോ തുള്ളിയും കാട്ടുതീയായി പടരുന്നു. അന്നാദ്യമായി അവന്‍ വെറും മനുഷ്യനായി. ഭക്ഷണത്തിനല്ലാതെയും ജീവനെ ചുട്ടെരിക്കുന്ന സ്വാര്‍ത്ഥത കൈമുതലാക്കിയ മനുഷ്യന്‍. സ്വന്തം സഹോദരങ്ങളടങ്ങുന്ന ചെന്നായക്കൂട്ടം പോലും അവനെ ആദ്യമായി ഭയന്നു. ചുവന്ന പൂവ് വെള്ളത്തില്‍ എറിഞ്ഞുകളഞ്ഞ മൗഗ്ലി നിരായുധനായ വെറും മനുഷ്യനായി. നഖങ്ങളില്ല, കൂര്‍ത്ത പല്ലുകളില്ല. നിരായുധന്‍. ഷേര്‍ഖാന്‍ അതു പറഞ്ഞ് മൗഗ്ലിയെ പുഛിക്കുന്നുണ്ട്. പക്ഷേ മൗഗ്ലിയെന്ന മനുഷ്യക്കുട്ടിയുടെ ജ•സഹജയായ തന്ത്രങ്ങള്‍ ഷേര്‍ഖാന് താമസിയാതെ തന്നെ ചിതയൊരുക്കി.തന്റെ പിതാവിനെയും ജീവന്റെ ജീവനായ അകേലയെയും വകവരുത്തിയ ഷേര്‍ഖാന്‍ കാട്ടുതീയില്‍ മറ്റൊരു ചുവന്ന പൂവായി. മനുഷ്യന്റെ തന്ത്രങ്ങള്‍ക്കു മുമ്പില്‍ മൃഗത്തിന്റെ കരുത്ത് എത്രയോ നിസ്സാരം.
കാടിന്റെപിരിമുറുക്കത്തിന് അയവ് വരുന്നത് ബാലുക്കരടിയുടെ വരവോടെയാണ്. വരാനിരിക്കുന്ന ശൈത്യകാലനിദ്രയുടെ പേരില്‍ മറ്റുള്ളവരുടെ അധ്വാനത്തിന്റെ മറവില്‍ തിന്നും കുടിച്ചും ജീവിക്കുന്ന കുഴിമടിയന്‍ ബാലുക്കരടിക്ക് മേലനങ്ങാതെ ജീവിക്കാനുള്ള ഒരുപാധിയാണ് മൗഗ്ലി. എങ്കിലും അവരുടെ ബന്ധം നിഷ്‌കളങ്കമായ സ്‌നേഹത്താല്‍ വിളക്കിച്ചേര്‍ത്തിരിക്കുന്നു. സൂര്യരശ്മി പോലും കടന്നുചെല്ലാത്ത വന്‍വടവൃക്ഷങ്ങളില്‍ മരക്കൊമ്പേത് ശരീരമേതെന്ന് തിരിച്ചറിയാനാവാത്തവിധം പ്രത്യക്ഷപ്പെടുന്ന ഭീകരനായ കാ എന്ന പെരുമ്പാമ്പ് മിനിട്ടുകളേ ഉള്ളുവെങ്കിലും മറക്കാനാകാത്ത അനുഭവമാണ്.
സ്‌കാര്‍ലറ്റ് ജോവാന്‍സണ്‍ ആണ് കാ യ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ഷേര്‍ഖാന് ഇദ്രിസ് എല്‍ബയുടെ ശബ്ദഗാംഭീര്യം അവിസ്മരണീയമായി. നീല്‍ സേഥി എന്ന ഇന്ത്യന്‍ വംശജനാണ് മൗഗ്ലിയായി വന്നിരിക്കുന്നു. ബില്‍ മുറെ ആണ് ബാലുകരടിക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ഗാന്ധി സിനിമയില്‍ ഗാന്ധിയായി വന്ന ബെന്‍ കിംഗ്‌സ്‌ലി ബഗീരയ്ക്കും ശബ്ദം നല്‍കിയിരിക്കുന്നു. റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ ജംഗിള്‍ബുക്കിന്റെ ഒരു വ്യത്യസ്തമായ സമീപനമാണ് ഈ ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത്. അതു വളരെ ഹൃദ്യവുമായിരിക്കുന്നു.