നിയമപരമായി വിവാഹിതരല്ലാത്ത ദമ്പതികള്‍ക്കും അപമാനിതരാകാതെ ഹോട്ടല്‍ റൂം ബുക്ക് ചെയ്യാം

single-img
15 April 2016

stayuncle_website_leadനിയമപരമായി വിവാഹിതരല്ലാത്ത ദമ്പതികള്‍ക്ക് ഒരു രാത്രി തങ്ങുന്നതിന് ഒരു റൂം ബുക്കു ചെയ്യുന്നതിന് ഒരു പാട് കടമ്പകള്‍ കടക്കേണ്ടതുണ്ട്. തുറിച്ചുനോട്ടവും ചോദ്യചെയ്യലും നല്‍കുന്ന അപഹാസ്യത വേറെയും. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി നിങ്ങളെ സ്വാഗതം ചെയ്യുന്നു ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റേഅങ്കിള്‍ എന്ന സ്റ്റാര്‍ട്ട് അപ് സംരംഭം. ദമ്പതികള്‍ക്ക് വേണ്ടത് ഒരു മുറിയാണ്, വിചാരണയല്ല എന്നതാണ് സ്റ്റേഅങ്കിളിന്റെ ടാഗ്‌ലൈന്‍.
പുതിയ സ്റ്റാര്‍ട്ട്അപ്പിലൂടെ ഇന്ത്യന്‍ സമൂഹത്തിന്റെ ഇടുങ്ങിയ സദാചാരബോധത്തെ ചോദ്യം ചെയ്യുകയാണ് യുവസംരംഭകരായ ബ്ലേയ്‌സ് അരിസാനൊവ്, നന്ദി കുമാര്‍ സിംഗ്, സഞ്ചിത് സേഥി എന്നിവര്‍. 2014-ല്‍ ആരംഭിച്ച സംരംഭം ട്രാവല്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം ആയാണ് തുടക്കമിട്ടതെങ്കിലും 2015 മുതലാണ് അവിവാഹിതരായ ദമ്പതികള്‍ക്ക് വേണ്ടി എന്തെങ്കിലും തുടങ്ങണമെന്ന ആശയം മുന്നോട്ടുവെയ്ക്കുന്നത്. ഇത്തരം ദമ്പതിമാര്‍ക്ക് പ്രശ്‌നമൊന്നും കൂടാതെ സൗഹാര്‍ദ്ദപരമായ താമസസൗകര്യമൊരുക്കുന്ന ഹോട്ടലുകളുടെ ലിസ്റ്റുകളാണ് വെബ്‌സൈറ്റിലൂടെ ഇവര്‍ നല്‍കുന്നത്. 10 മണിക്കൂറിനു വേണ്ടിയാണ് സാധാരണയായി ഹോട്ടല്‍റൂമുകള്‍ ബുക്കുചെയ്യാവുന്നത്. 3-5 സ്റ്റാര്‍ ഹോട്ടലുകളാണ് സ്റ്റേ അങ്കിളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലിസ്റ്റില്‍ നല്‍കിയിരിക്കുന്ന ഹോട്ടലുകളില്‍ താമസത്തിന് ദമ്പതികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡോ മറ്റു രേഖകളുടെയോ ആവശ്യം വരുന്നില്ല.
ഒരുമിച്ചൊരു ഹോട്ടല്‍റൂമില്‍ താമസിക്കുന്നതില്‍ നിന്നും അവിവാഹിതരായ ദമ്പതികളെ തടയുന്ന ഒരു നിയമവും ഇന്ത്യയിലില്ല. പിന്നെന്തിനാണ് തിരിച്ചറിയല്‍ കാര്‍ഡും മറ്റു രേഖകളും ഹോട്ടല്‍ അധികൃതര്‍ ചോദിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ചെന്നൈ, കൊല്‍ക്കത്ത, ബംഗലുരു എന്നിവിടങ്ങളിലാണ് സ്റ്റേഅങ്കില്‍ തങ്ങളുടെ സംരംഭം വികസിപ്പിക്കാനുദ്ദേശിക്കുന്നത്. നിരവധി ആവശ്യക്കാരാണ് വിവിധനഗരങ്ങളില്‍ നിന്നും തങ്ങളെ ബന്ധപ്പെടുന്നതെന്ന് സ്റ്റേ അങ്കിള്‍ പറയുന്നു.