പൂഞ്ഞാറില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പില്‍ റിബലാകും

single-img
5 April 2016

Saji_Manjakadambil

പൂഞ്ഞാറില്‍ തെരഞ്ഞെടുപ്പ് പോരാട്ടം തീപാറാന്‍ അരങ്ങൊരുങ്ങി. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ റിബലായി മത്സരിക്കാന്‍ യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പില്‍ രംഗത്തെത്തിയതോടെ ആര്‍ക്കും ജയിക്കാമെന്ന അവസ്ഥ സംജാതമായിരിക്കുകയാണ്.

യൂത്ത് ഫ്രണ്ടിന് വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്നും പൂഞ്ഞാര്‍ സീറ്റ് തനിക്ക് നല്‍കാമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പാര്‍ട്ടി എംപി ജോയ് എബ്രഹാം വാക്ക് നല്‍കിയിരുന്നുവെന്നും സജി മഞ്ഞക്കടമ്പില്‍ വെളിപ്പെടുത്തി. ആ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു താനെന്നും എന്നാല്‍ സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ പാര്‍ട്ടിക്കാരനല്ലാത്ത ഒരാള്‍ക്ക് സീറ്റ് നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ ചതിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്. ഇവരുടെ വികാരം ഉള്‍ക്കൊണ്ടാണ് താന്‍ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കുന്ന കാര്യവും സീറ്റ് നല്‍കാത്തതിലുള്ള പ്രതിഷേധവും താന്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി നടപടി എടുത്താലും തനിക്ക് ഭയമില്ലെന്നും പൂഞ്ഞാറില്‍ നാമര്‍നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും സജി പറഞ്ഞു.

ഭരണങ്ങാനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മുന്‍ അംഗം, കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികള്‍ സജി വഹിച്ചിട്ടുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസ് അംഗം പി.സി.ജോസഫാണ് പൂഞ്ഞാറില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി. നിലവിലെ എംഎല്‍എ പി.സി.ജോര്‍ജ് സ്വതന്ത്രനായും എന്‍ഡിഎ സ്ഥാനാര്‍ഥിയും ഇവിടെ മത്സരിക്കുന്നുണ്ട്.