ഇന്ത്യയെ തോല്‍പ്പിച്ച വിന്‍ഡീസ് ടീമിന്റെ ഡ്രസിംഗ് റൂമിലെത്തി ഫൈനലില്‍ വിജയാശംസകള്‍ നേര്‍ന്ന് ഉപനായകന്‍ കോഹ്ലി

single-img
2 April 2016

Virat

ട്വന്റി-20 സെമി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ വിന്‍ഡീസിന്റെ ആഘോഷം ഇന്ത്യന്‍ ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇന്ത്യന്‍ ടീമിന്റെ ഉപനായകന്‍ കോഹ്ലി തോല്‍വിയിലും മാന്യതയുടെ പ്രതീകമാവുകയാണ്. ഇന്ത്യയെ തോല്‍പ്പിച്ച വിന്‍ഡീസ് ടീമിന് ഫൈനലില്‍ വിജയാശംസ നേര്‍ന്നിരിക്കുകയാണ് കോഹ്ലി.

വിന്‍ഡീസിന്റെ ഡ്രസ്സിംഗ് റൂമില്‍ എത്തിയാണ് കോഹ്ലി ഇംഗ്ലണ്ടുമായുള്ള ഫൈനലില്‍ ടീമിന് വിജയാശംസ നേര്‍ന്നത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ കോഹ്ലിയുടെ സഹതാരമായ ക്രിസ്ഗെയിലിനൊപ്പമുള്ള സെല്‍ഫി കോഹ്ലി തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിന്‍ഡീസ് ഡ്രെസ്സിംഗ് റൂമിലെത്തിയ ഇന്ത്യന്‍ ഉപനായകനൊപ്പം സെല്‍ഫി എടുക്കാന്‍ വിന്‍ഡീസ് താരങ്ങളും മുന്നോട്ട് വന്നു.

വിന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്വൈറ്റും കോഹ്ലിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിന്‍ഡീസിന്റെ ട്വന്റി20 സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്‍ ക്രിസ് ഗെയിലുമായുള്ള സൗഹൃദ ബന്ധം പ്രശസ്തമാണ്.