കാലുകള്‍ നഷ്ടപ്പെട്ട് ബസ് സ്റ്റാന്റില്‍ ഭിക്ഷയെടുത്ത് കടത്തിണ്ണയില്‍ കിടന്നുറങ്ങിയിരുന്ന ആന്ധ്രാ സ്വദേശി പെന്നയ്യയുടെ കഷ്ടപ്പാടിന് ഒടുവില്‍ ഭാഗ്യം കൂട്ടിനെത്തി; സംസ്ഥാന സര്‍ക്കാരിന്റെ അക്ഷയലോട്ടറിയില്‍ 65 ലക്ഷത്തിന്റെ ഭാഗ്യസമ്മാനവുമായി പെന്നയ്യ ഇനി പുതു ജീവിതം തുടങ്ങും

single-img
31 March 2016

12932969_10154095504372718_6221315482335098855_n

കാലുകള്‍ നഷ്ടപ്പെട്ട് ബസ് സ്റ്റാന്റില്‍ ഭിക്ഷയെടുത്ത് കടത്തിണ്ണയില്‍ കിടന്നുറങ്ങിയിരുന്ന ആന്ധ്രാ സ്വദേശി പെന്നയ്യയുടെ കഷ്ടപ്പാടിന് ഒടുവില്‍ ഭാഗ്യം കൂട്ടിനെത്തി. സംസ്ഥാന സര്‍ക്കാരിന്റെ അക്ഷയലോട്ടറിയില്‍ 65 ലക്ഷത്തിന്റെ ഭാഗ്യസമ്മാനമാണ് പൊന്നയ്യയെ തേടിയെത്തിയത്. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ കൊരപ്പാട് ഗ്രാമത്തിലെ ഈ 32കാരന്‍ ഇനി പുതുജീവിതം തുടങ്ങും.

അഞ്ചംഗ കുടുംബത്തിന്റെ ആശ്രയമായ പെന്നയ്യ വെളളറട, മാര്‍ത്താണ്ഡം ഭാഗത്ത് ഭിക്ഷ യാചിച്ചും ബസ് സ്റ്റാന്റിലും കടത്തിണ്ണയിലുമൊക്കെയായി കിടന്നുറങ്ങിയുമായിരുന്നു ജീവിതം തള്ളി നീക്കിയിരുന്നത്. പനച്ചമൂട്ടിലെ അല്‍സിയ ഏജന്‍സിയില്‍ നിന്നും ഇയാള്‍ എടുത്ത പത്തു ടിക്കറ്റുകളില്‍ ഒന്നിനാണ് ഭാഗ്യം അടിച്ചത്. ഭിക്ഷയാചിച്ച് കിട്ടുന്ന തുകയില്‍ നല്ല ഭാഗം കുടുംബ ചെലവുകള്‍ക്കും ഒരു ഭാഗം ലോട്ടറിക്കായും നീക്കി വെക്കുന്ന സ്വഭാവക്കാരനായിരുന്നു പെന്നയ്യ. ഈ ശീലമാണ് പെന്നയ്യയെ ലക്ഷാധിപതിയാക്കി മാറ്റിയത്.

കഴിഞ്ഞദിവസം എടുത്ത എകെ 651665 എന്ന നമ്പറിലായിരുന്നു ഒന്നാം സമ്മാനം അടിച്ചത്. ഇന്റര്‍നെറ്റില്‍ ഫലം അറിഞ്ഞപ്പോള്‍ തന്നെ ലോട്ടറി ഏജന്‍സി ഉടമ വിവരം പെന്നയ്യയെ അറിയിച്ചിരുന്നു. ഉടന്‍തന്നെ വെള്ളറട പോലീസ് എത്തി പെന്നയ്യയ്ക്ക് സംരക്ഷണവും നല്‍കി. എന്നാല്‍ അന്യനാട്ടുകാരന്‍ എന്ന നിലയില്‍ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ പ്രസ്തുത ലോട്ടറി ഏറ്റെടുക്കാന്‍ ബാങ്കുകള്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് പെന്നയ്യയെ പോലീസ് സ്റ്റേഷനില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ്് ആന്ധ്രയില്‍ പാറമടത്തൊഴിലാളിയായിരിക്കെ ഉണ്ടായ അപകടം പെന്നയ്യയുടെ രണ്ടു കാലുകളും നഷ്ടമാക്കി. പിന്നീട് കൃത്രിമ പ്ളാസ്റ്റിക് കാലുകളുടേയും ക്രച്ചസിന്റെയും സഹായത്താലാണ് പെന്നയ്യ ജീവിച്ചത്. ഭാര്യ രാജന്‍ജിനമ്മ മക്കളായ സ്നേഹലത, അഭിവര്‍ദ്ധന്‍, നരസിംഹം എന്നിവരാണ് സ്വന്തക്കാരായുള്ളത്. കുടുംബം പോറ്റാന്‍ സ്വന്തം നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലെത്തി ഭിക്ഷയെടുത്തത് ഒടുവില്‍ ഭാഗ്യദേവതയുടെ കണ്ണില്‍പ്പെട്ടു.