കേന്ദ്രസര്‍ക്കാരിന്റെ വികലമായ സാമ്പത്തിക നയം മൂലം വാടിക്കരിയുന്നത് സാധാരണക്കാരന്റെ സ്വപ്നങ്ങള്‍

single-img
30 March 2016

TH05_BU_POST_OFFICE_883978f

മോദി സര്‍ക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങള്‍ പോസ്റ്റ് ഓഫീസ് നിക്ഷേപ മേഖലയെ തകര്‍ക്കുന്നു. പോസ്റ്റ് ഓഫീസുകളിലെ ലഘുനിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചമതാടെ സാധാരണക്കാര്‍ നിക്ഷേപങ്ങളില്‍ നിന്നും അകന്നുതുടങ്ങി. ബാങ്കുകളില്‍ കൂടുതല്‍ പണം എത്തിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഈ നടപടി കൈക്കൊണ്ടുവെന്നാണ് ഉയരുന്ന ആക്ഷേപം.

എടുത്ത വായ്പകള്‍ കോര്‍പ്പറേറ്റുകള്‍ കൃത്യമായി തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നിശ്ചിത കാലയളവിന് ശേഷം നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ച് എഴുതിതള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 140000 കോടിയലധികം രൂപയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വായ്പയായി എഴുതിത്തള്ളിയത്. ഇത്തരത്തില്‍ വന്‍തുകയുടെ വായ്പ എഴുതിതള്ളുന്നതില്‍ ബാങ്കുകളുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പിന് തടയിടാന്‍ ബാങ്കുകളില്‍ നിക്ഷേപം വര്‍ധിപ്പിക്കുക എന്ന തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ പ്രയോഗിക്കുന്നത്.

കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് മോദി സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ പോസ്റ്റ് ഓഫീസുകളുടെ നിലനില്‍പ്പും അപകടത്തിലായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പോസ്റ്റ് ഓഫീസ് നിക്ഷേപത്തില്‍ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റിസര്‍വ്വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 2011-12, 2014-15 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ 24 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ ബാങ്ക് നിക്ഷേപങ്ങളില്‍ ഇക്കാലയളവില്‍ 14 ശതമാനം വര്‍ധന മാത്രമാണ് രേഖപ്പെടുത്തിയത്.

ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ പോസ്റ്റ് ഓഫീസുകളിലെ നിക്ഷേപങ്ങള്‍ക്ക് പലിശ കൂടുതലായിരുന്നത് പുതിയ തീരുമാനത്തിലൂടെ ഇവ രണ്ടും തുല്യമായിരിക്കുകയാണ്. ഇതോടെ സാധാരണക്കാര്‍ പോസ്റ്റ് ഓഫീസ് നിക്ഷേപം ഉപേക്ഷിച്ച് ബാങ്കുകളിലേക്ക് മാറാന്‍ ശ്രമിക്കുമെന്ന് കാര്യം ഉറപ്പാണ്.