അമേരിക്കന്‍ സാമ്രാജ്യം നല്‍കുന്ന യാതൊന്നും ക്യൂബയ്ക്ക് ആവിശ്യമില്ലെന്ന് ഫിദല്‍ കാസ്‌ട്രോ

single-img
29 March 2016

Fidel Castro

യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തെയും നല്‍കിയ വാഗ്ദാനങ്ങളെയും വിമര്‍ശിച്ച് ക്യൂബന്‍ വിപ്ലവ നേതാവും മുന്‍ പ്രസിഡന്റുമായ ഫിദല്‍ കാസ്‌ട്രോ രംഗത്ത്. അമേരിക്കന്‍ സാമ്രാജ്യം നല്‍കുന്ന യാതൊന്നും ക്യൂബയ്ക്ക് ആവിശ്യമില്ലെന്ന് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്രാന്മയിലൂടെ ഫിദല്‍ തുറന്നടിച്ചു.

ക്യൂബന്‍ വിപ്ലവത്തിലൂടെയും വിദ്യാഭ്യാസ, സാംസ്‌കാരിക വികസനങ്ങളിലൂടെയും രാജ്യം കൈവരിച്ച നേട്ടം അമേരിക്കയുടെ മുന്നില്‍ അടിയറവയ്ക്കുമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യൂബയിലെ 11 ദശലക്ഷം ജനങ്ങള്‍ക്കുമുള്ള ആഹാരവും സാമ്പത്തിക ഭദ്രതയും നല്‍കാന്‍ രാജ്യത്തിന് പ്രാപ്തിയുണ്ടെന്നും യുഎസിന്റെ പൊള്ളയായ വാഗ്ദാനങ്ങള്‍ തള്ളിക്കളയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇരുരാജ്യങ്ങളും കഴിഞ്ഞുപോയ കാര്യങ്ങളെല്ലാം മറക്കണമെന്ന് ഒബാമ പറയുമ്പോള്‍ അമേരിക്കന്‍ പിന്തുണയോടെയുള്ള വിമത നീക്കവും സാമ്പത്തിക ഉപരോധവും രാജ്യത്തിന് എങ്ങനെ മറക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നു. ഒബാമ പറഞ്ഞ കാര്യങ്ങള്‍ ക്യൂബന്‍ ജനതയ്ക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കുമെന്നും ഫിദല്‍ പ്രതികരിച്ചു. ക്യൂബന്‍ സന്ദര്‍ശന വേളയില്‍ ഒബാമ ഫിദലുമായി കൂടിക്കാഴ്ച നടത്താതിരുന്നതും ശ്രദ്ധേയമായി.