പ്രവാചക ചികിത്സയുടെ പേരില്‍ നടത്തിയത് പീഡനം;ഷാഫി സുഹൂരി റിമാന്റിൽ

single-img
29 March 2016
ഷാഫി സുഹൂരി

ഷാഫി സുഹൂരി

കോഴിക്കോട്: പ്രവാചക വൈദ്യമെന്ന പേരിൽ തട്ടിപ്പുചികിത്സ നടത്തിയതിന് അറസ്റ്റിലായ ഷാഫി സുഹൂരി എന്ന കാരന്തൂർ പൂളക്കണ്ടി പി.കെ. മുഹമ്മദ് ഷാഫിയെ (43) റിമാൻഡ് ചെയ്തു. എഴാം ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്.അതേസമയം ലൈംഗിക ചൂഷണം നടത്തിയതിന് അറസ്റ്റിലായ ഡോ. ഷാഫി സുഹൂരി ചികിത്സയുടെ പേരില്‍ നടത്തുന്നത് തട്ടിപ്പാണെന്ന് സുഹൂരിയുടെ മുന്‍ മാനേജര്‍ ടി.കെ ജംഷീര്‍. ചികിത്സയുടെ മറവില്‍ ഇയാള്‍ നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും ഇയാള്‍ക്ക് പോലീസ് സംരക്ഷണമുണ്ടെന്നും ജംഷീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബീച്ച് ആസ്പത്രിക്കു സമീപം അബ്ദുള്ള ഫൗണ്ടേഷൻ എന്ന പേരിൽ ചികിത്സാസ്ഥാപനം നടത്തി വരികയായിരുന്ന ഇയാളെ നടക്കാവ് സി.ഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസമാണ് അറസ്റ്റുചെയ്തത്. പ്രതിക്കെതിരെ ഐ.പി.സി 376 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളുടെ പീഡനത്തിനിരയായ യുവതിയുടെ പരാതി പ്രകാരമായിരുന്നു അറസ്റ്റ്.

2014 മുതല്‍ പലതവണ തന്നെ പീഡിപ്പിച്ചതായി യുവതി മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. ഗവ. ബീച്ച് ആശുപത്രിയില്‍ നടത്തിയ ആരോഗ്യപരിശോധനയില്‍ ലൈംഗികപീഡനം നടന്നതായി തെളിഞ്ഞിട്ടുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളില്‍ ഇന്നലെ തെളിവെടുപ്പു നടന്നു. നിരവധി സ്ത്രീകളെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തതായും ഇതു സംബന്ധിച്ച വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. തട്ടിപ്പിനു ആത്മീയ പരിവേഷം നല്കിയിരുന്നതിനാല്‍ നിരവധി യുവതികളെ വലയിലാക്കാന്‍ ഇയാള്‍ക്കു സാധിച്ചതായും സ്തീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതായി ഇയാള്‍ക്കെതിരെ നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

വ്യാജ വൈദ്യന്‍ എന്ന പേരില്‍ ഇയാള്‍ക്കെതിരേ നേരത്തെ വെള്ളയില്‍ പോലിസ് കേസെടുത്തിരുന്നു. അന്ന് 12ദിവസം റിമാന്റില്‍ കിടന്ന ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും തട്ടിപ്പ് തുടരുകയായിരുന്നു. ആ കേസ് ഇപ്പോഴും നിലവിലുണ്ട്.
അഞ്ച് തരം തെറാപ്പികളാണ് ഈ സ്ഥാപനത്തില്‍ പ്രധാനമായും നടത്തുന്നത്. ഇതില്‍ ഓരോന്നിനും ലക്ഷങ്ങളാണ് ഈടാക്കുന്നത്.