ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തീവെച്ച് നശിപ്പിച്ച എ.കെ.ജി സ്മാരക വായനശാലയുടെ പുനര്‍ നിര്‍മ്മിതിക്ക് സഹായവുമായി ബഹുജന കൂട്ടായ്മ

single-img
28 March 2016

Book

മലപ്പുറം ജില്ലയിലെ തലൂക്കരയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നശിപ്പിച്ച എ.കെ.ജി സ്മാരക വായനശാലയുടെ പുനര്‍ നിര്‍മ്മിതിക്ക് സഹായവുമായി ബഹുജന കൂട്ടായ്മ. സിപിഐഎം-ആര്‍എസ്എസ് സംഘര്‍ഷത്തെ തുടര്‍ന്ന് തീവെച്ച് നശിപ്പിക്കപ്പെട്ട വായനശാലയ്‌ക്കൊപ്പം അയ്യായിരത്തോളം പുസ്തകങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു.

കുറെ നാളായി സിപിഐഎം സംഘര്‍ഷം നിലനില്‍ക്കുന്ന തലൂക്കരയില്‍ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് എകെജി സ്മാരക കലാവേദിയുടെ കെട്ടിടത്തിനു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തിന്റെ ഭാഗമായി കെട്ടിടത്തിനകത്ത് പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറിയില്‍ കയറി ആര്‍എസ്എസുകാര്‍ പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിക്കുകയായിരുന്നു.

നാല്‍പ്പത് വര്‍ഷമായി ഗ്രാമത്തിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ സജീവമായിരുന്ന എകെജി സ്മാരക കലാവേദിയെ നാട്ടുകാര്‍ ഒരുമിച്ച് പുനര്‍നിര്‍മ്മിക്കാനുളള ശ്രമങ്ങള്‍ തുടങ്ങുകയായിരുന്നു. പൂര്‍ണമായും കത്തിനശിച്ച ഗ്രന്ഥാലയം പുനര്‍നിര്‍മ്മിക്കാനുള്ള വാര്‍ത്തയറിഞ്ഞ് കേരളത്തിലെയും, വിദേശത്തുമുളള സുഹൃദ്കൂട്ടായ്മകള്‍ ഗ്രന്ഥാലയത്തിനായി പുസ്തകങ്ങള്‍ ശേഖരിക്കാനുളള ഊര്‍ജിത ശ്രമങ്ങള്‍ ആരംഭിക്കുകയും തലൂക്കരയിലേക്കൊരു പുസ്തകം എന്ന പേരില്‍ ബുക്ക് കളക്ഷന്‍ തുടങ്ങുകയും ചെയ്തു. വളരെ നല്ല പ്രതികരണമാണ് വായനശാല പുനര്‍ നിര്‍മ്മിതിക്ക് ലഭിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.