പാലക്കാട് റെയില്‍വേ ഡിവിഷനു കീഴിലെ തീവണ്ടികളില്‍ സാധാരണക്കാരുടെ വേഷത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷയുമായി ആര്‍.പി.എഫ് സൈനികര്‍ ഡ്യൂട്ടിയിലാണ്

single-img
28 March 2016

RPF

പാലക്കാട് റെയില്‍വേ ഡിവിഷനു കീഴിലെ തീവണ്ടികളില്‍ സാധാരണക്കാരുടെ വേഷത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷയുമായി ആര്‍.പി.എഫ് സൈനികര്‍ ഡ്യൂട്ടിയിലാണ്. പാലക്കാട് ഡിവിഷനുകീഴില്‍ രാത്രികാല തീവണ്ടികളായ മാവേലി, മലബാര്‍, വെസ്റ്റ്കോസ്റ്റ്, ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, പ്രതിവാര തീവണ്ടികള്‍ എന്നിവയില്‍ സ്ഥിരം ആര്‍.പി.എഫ്. അംഗങ്ങള്‍ക്കു പുറമെ മഫ്തിയിലും ആര്‍.പി.എഫിനെ നിയോഗിച്ചിട്ടുണ്ടെന്ന് പാലക്കാട് ഡിവിഷന്‍ സെക്യൂരിറ്റി കമ്മീഷണര്‍ ചൊക്ക് രഘുവീര്‍ അറിയിച്ചു.

തീവണ്ടിയിലെ സുരക്ഷയ്ക്ക് ടോള്‍ഫ്രീ നമ്പറായ ‘182’-ല്‍ ധൈര്യമായി വിളിക്കാമെന്നും പരാതിയോ വിവരങ്ങളോ അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും റെയില്‍വേ സുരക്ഷാവിഭാഗം വ്യക്തമാക്കി. തീവണ്ടിയിലെ സുരക്ഷാസംബന്ധമായ വിവരങ്ങളോ പരാതിയോ നല്കുന്നവരുടെ യാത്ര പാതിവഴിയില്‍ തടസ്സപ്പെടില്ലെന്നും ചൊക്ക് രഘുവീര്‍ അറിയിച്ചു.

സ്ത്രീകളുടെയും കുട്ടികളുടെയും പരാതികള്‍ക്ക് പ്രത്യേക പരിഗണനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറും സേവനസജ്ജമായ 182 എന്ന നമ്പറില്‍ മൊബൈലില്‍നിന്നും ലാന്‍ഡ്ഫോണില്‍നിന്നും ചെലവില്ലാതെ ഏതുഭാഷയിലും പരാതി നല്കാം എന്നുള്ളതാണ് പ്രത്യേകത. പരാതിക്കാരനെ അവര്‍ സഞ്ചരിക്കുന്ന തീവണ്ടി കണ്ടെത്തി ആര്‍.പി.എഫ്. സേനാംഗങ്ങള്‍ നേരില്‍ക്കണ്ട് സേവനമുറപ്പിക്കുന്നു.