സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ആക്രമണം നടത്തിയത് ഭീരുക്കള്‍; വിഷമഘട്ടത്തില്‍ പാകിസ്താനിലെ ജനങ്ങള്‍ക്കൊപ്പം ഇന്ത്യയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
28 March 2016

modi_mannkibaat_address_air_650

പാകിസ്താനിലെ ലാഹോറില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ ഭീകരാക്രമണത്തില്‍ ഞെട്ടല്‍ അറിയിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഫോണില്‍ വിളിച്ച് സംഭവത്തിലുള്ള ദുഖം രേഖപ്പെടുത്തി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നു മോദി ഷെരീഫിനെ ഓര്‍മിപ്പിച്ചു.

വിഷമഘട്ടത്തില്‍ പാകിസ്താനിലെ ജനങ്ങള്‍ക്കൊപ്പം ഇന്ത്യയും ജനങ്ങളും ഉണ്ടാകുമെന്ന് അറിയിച്ചു. കൂടാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ആക്രമണം നടത്തിയത് ഭീരുക്കളാണെന്നും നരേന്ദ്രമോഡി പറഞ്ഞു.ഭീകരതയ്ക്ക് എതിരായ പോരാട്ടത്തില്‍ യാതൊരു വിട്ടുവീഴ്ചകളും പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആണവ സുരക്ഷാ ഉച്ചകോടിക്കായി ഇരുവരും വാഷിംഗ്ടണില്‍ എത്താനിരിക്കെയാണു മോദി, ഷെരീഫിനെ ഫോണില്‍ ബന്ധപ്പെട്ടത്.

അതേസമയം സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 69 ആയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരങ്ങള്‍. 250ലേറെപ്പേര്‍ പരുക്കുകളോടെ ആശുപത്രികളില്‍ കഴിയുന്നതായും വിവരങ്ങളുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്രിക് ഐ താലിബാന്റെ വിഭാഗമായ ജമായത്ത് ഉല്‍ അഹ്റാര്‍ ഏറ്റെടുത്തിട്ടുണ്ട്. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുളള ആക്രമണമെന്നായിരുന്നു സംഘടനയുടെ വ്യക്തവായ അഹ്സാനുളള അഹ്സന്‍ പറഞ്ഞത്. ലാഹോറിലേക്ക് തങ്ങള്‍ എത്തിക്കഴിഞ്ഞത് അറിയിക്കാനായിട്ടാണ് സ്ഫോടനം നടത്തിയതെന്നും അഹ്സന്‍ വ്യക്തമാക്കി.