കാശ്മീരില്‍ സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് പി.ഡി.പി നേതാവ് മെഹബുബ മുഫ്തി ഭാരത് മാതാ കീജെയ് വിളിക്കണമെന്ന ആവശ്യവുമായി ശിവസേന

single-img
28 March 2016

DSCF4722

കാശ്മീര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് പി.ഡി.പി നേതാവ് മെഹബുബ മുഫ്തി ഭാരത് മാതാ കീജെയ് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന രംഗത്തെത്തി. പാര്‍ട്ടി മുഖപത്രമായ സാംമ്നയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ശിവസേന ഇക്കാര്യം ഉന്നയിക്കുന്നത്. ലോകം മുഴുവന്‍ ഭാരത് മാതാ കീജെയ് വിളിക്കണമെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ആഗ്രഹം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അത് കശ്മീരില്‍ നിന്നും തുടങ്ങണമെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ അഭിപ്രായം.

ദേശീയതയുടെ അടയാളങ്ങളാണ് ഭാരത് മാതാ കീജെയ്, ജെയ്ഹിന്ദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍. ഇത് മനസ്സില്‍ നിന്നും വരേണ്ട വികാരമാണെന്നും പി.ഡി.പി ബി.ജെ.പിയുമായി സഖ്യം രൂപീകരിച്ച ശേഷം മെഹബൂബയുടെ മനസ് മാറിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് ഭാരത് മാതാ കീജെയ് മുദ്രാവാക്യം വിളിക്കണമെന്നുമാണ് ശിവസേനയുടെ ആവശ്യം.

അഫ്സല്‍ ഗുരു അനുകൂലിയാണ് മെഹബൂബയെന്നും അവര്‍ വിഘടനവാദികളുമായി ബന്ധം പുലര്‍ത്തുന്നുവെന്നും റാവത്ത് ആരോപിച്ചു. മുമ്പ്് ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ കപില്‍ മിശ്രയും സമാനമായ ചോദ്യം ബി.ജെ.പിയോട് ഉന്നയിച്ചിരുന്നു. മെഹബൂബ മുഫ്തി ഭാരത് മാതാ കീജെയ് മുദ്രാവാക്യത്തില്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലെങ്കില്‍ അവരുമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി തയ്യാറാകുമോ എന്നാണ് കപില്‍ മിശ്ര ചോദിച്ചത്.