വിശക്കുന്നവര്‍ക്ക് ഭക്ഷണവുമായി 24 മണിക്കൂറും ഉണര്‍ന്നിരിക്കുന്ന പപ്പടവട റെസ്റ്റോറന്റിന്റെ നന്മമരം

single-img
26 March 2016

12516557_10209037445836689_2014631496_n

വിശക്കുന്നവര്‍ക്ക് ഭക്ഷണവുമായി 24 മണിക്കൂറും ഉണര്‍ന്നിരിക്കുകയാണ് കൊച്ചി കലൂരിലെ പപ്പടവട റെസ്റ്റോറന്റിന്റെ നന്മമരം എന്ന സ്‌നേഹ റെഫ്രിജറേറ്റര്‍. വീടുകളില്‍ ഭക്ഷ്യോപയോഗം കഴിഞ്ഞിട്ടും അധികം വരുന്ന കേടാകാത്ത ഭക്ഷണങ്ങള്‍ പായ്ക്കുചെയ്ത് പപ്പടവട റെസ്റ്റോറന്റ്നു മുന്‍പിലെ നന്മമരമെന്ന ഈ റഫ്രിജറേറ്ററില്‍ കൊണ്ടുവെച്ച് ആവശ്യക്കാര്‍ക്ക് ഉപയോഗമാകുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ളത്.

കയ്യില്‍ കാശില്ലാതെ വിശന്നെത്തുവര്‍ക്ക് ആരുടെ മുന്നിലും കൈനീട്ടാതെ ഇതില്‍ നിന്നും ഭക്ഷണമെടുത്ത് കഴിക്കാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നന്മമരത്തില്‍ പപ്പടവട റെസ്‌റ്റേറന്റിന്റെ വകയായായി പ്രതിദിനം 50 ഭക്ഷണപൊതികളും വെയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ചലച്ചിത്രതാരം ജോജു നന്മമരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ഒരു മാനുഷിക സേവനം എന്നതിലുപരി ഈ കാലത്ത് പാഴാക്കി കളയുന്ന ഭക്ഷണത്തിന്റെ അളവ് കുറച്ച് അത് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യമാണ് നന്മമരത്തിനുള്ളതെന്ന് നന്മമരത്തിന്റെ ഉടമസ്ഥ മിനു പൗളിന്‍ പറയുന്നു. വിദേശരാജ്യങ്ങളിലൊക്കെ നന്മമരം പോലുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍പേ തന്നെയുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായിട്ടാണ് ഇത് അവതരിക്കുന്നത്.

മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഈ റഫ്രിജറേറ്ററിന്റെ മുഴുവന്‍ ചിലവും പപ്പടവടയാണ് വഹിക്കുന്നത്. മാത്രമല്ല ദിവസവും 50 ഭക്ഷണശപാതികളും കൂടി പപ്പടവട നന്മരത്തില്‍ വെക്കുന്നുണ്ട്. റെസ്‌റ്റേറന്റില്‍ എത്തുന്നവര്‍ നന്മമരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് കാശ് അടച്ച് ഭക്ഷണം വാങ്ങിവെയ്ക്കുന്നത് ഇവിടെ പ്രോത്സാഹിപ്പിക്കുന്നില്ല. ഭക്ഷണം പാഴാക്കികളയാതിരിക്കുക എന്ന ലക്ഷ്യത്തിലൂന്നിയുള്ള പ്രവര്‍ത്തനമാണ് നന്മമരത്തിന്റേത് എന്നതിനാല്‍ അധികം വരുന്ന ഭക്ഷണങ്ങള്‍ ഇവിടേക്ക് എത്തിക്കുന്നതായിരിക്കും നല്ലതെന്ന് മിനു പൗളിന്‍ പറയുന്നു.

എറണാകുളത്തെ വീടുകളിലും ഹോട്ടലുകളിലും ബാക്കിയാവുന്ന, കേടുവരാത്ത ഭക്ഷണസാധനങ്ങള്‍ അവരവര്‍ തന്നെ വൃത്തിയായി പാക്കു ചെയ്ത് ഈ സ്്നേഹ റഫ്രിജറേറ്ററില്‍ കൊണ്ടുവയ്ക്കാന്‍ നന്മമരത്തിന്റെ അണിയറക്കാര്‍ അഭ്യര്‍ത്ഥിക്കുകയാണ്. അമൂല്യമായ പ്രകൃതിവിഭവങ്ങള്‍ പാഴാക്കിക്കളയാതിരിക്കാനും അവ വിശക്കുന്നവര്‍ക്ക് ലഭ്യമാക്കാനും ശ്രമിക്കുന്നതിലൂടെ മനുഷ്യ സ്‌നേഹത്തിന്റെ വിലയറിയുന്നവരുടെ കൂട്ടത്തിലേക്ക് നമുക്കൊരുമിച്ച് ചേക്കേറാം.