പണ്ട് ചായക്കട നടത്തിയിരുന്ന സമയത്ത് താന്‍ അസാം തേയില ഉപയോഗിച്ചാണ് ചായ ഉണ്ടാക്കി വിറ്റിരുന്നതെന്ന് അസാമി ല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി

single-img
26 March 2016

UN_SUMMIT-MODI_2561038g

അസാമില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അസാം തേയിലയുടെ മഹിമ വിളിച്ചുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പണ്ട് ചായക്കട നടത്തിയിരുന്ന സമയത്ത് താന്‍ അസാം തേയില ഉപയോഗിച്ചാണ് ചായ ഉണ്ടാക്കി വിറ്റിരുന്നതെന്ന് സൂചിപ്പിച്ചാണ് ഏപ്രിലില്‍ ആസാമില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി സംഘടിപ്പിച്ച റാലിയില്‍ പ്രധാനമന്ത്രി വോട്ടുപിടിക്കാനുളള ശ്രമം നടത്തിയത്.

അസാം തേയിലക്ക് ആളുകളില്‍ ഉന്മേഷം പകരാന്‍ കഴിഞ്ഞിരുന്നുവെന്നും അതുകൊണ്ട് തന്നെ ആസാം തേയില ഉപയോഗിച്ചാണ് ഞാന്‍ ചായ ഉണ്ടാക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ അസാമിനോട് വളരെ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറുപത് വര്‍ഷം കോണ്‍ഗ്രസിന് ഭരിക്കാന്‍ നല്‍കിയ നിങ്ങളോട് ഞാന്‍ അഞ്ചുവര്‍ഷമാണ് ചോദിക്കുന്നത്. സ്വാതന്ത്ര്യം കിട്ടിയ കാലത്ത് രാജ്യത്തെ അഞ്ചു വികസിത സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു അസാമെന്നും ഇന്നാകട്ടെ മോശം സംസ്ഥാനങ്ങളില്‍ ഒന്നായി ആസാം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്നാല്‍ ബി.ജെ.പി ഭരണത്തിലെത്തിയാല്‍ എ ഫോര്‍ ആസാം എന്നു കുട്ടികള്‍ വരെ പറയുന്ന ഒരുകാലം ആസാമിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലില്‍ രണ്ടുഘട്ടങ്ങളിലായാണ് അസാമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 126 നിയമസഭ മണ്ഡലങ്ങളില്‍ ബിജെപി 91 സീറ്റുകളിലാണ് മത്സരിക്കുന്നത്. ബാക്കി 24 സീറ്റുകളില്‍ ബിജെപിയുമായി സഖ്യത്തിലുളള അസം ഗണ പരിഷത്തും, പിന്നീടുളള സീറ്റുകളില്‍ ബോഡോ പീപ്പീള്‍സ് ഫ്രണ്ടും മറ്റ് ചെറിയ പാര്‍ട്ടികളുമാണ് മത്സരിക്കുന്നത്.