അഗസ്ത്യാര്‍കൂടത്തെ യുനെസ്‌കോയുടെ ലോക ജൈവമണ്ഡല സംവരണ മേഖല ശ്രേണിയില്‍ ഉള്‍പ്പെടുത്തി

single-img
23 March 2016

Agasthyamala

പശ്ചിമഘട്ട മലനിരകളില്‍ അഗസ്ത്യകൂടം അഥവാ അഗസ്ത്യ മലയെ ഐക്യരാഷ്ട്ര സഭയുടെ പൈതൃക സംഘടനയായ യുനെസ്‌കോ ലോക ജൈവമണ്ഡല സംവരണ മേഖല ശ്രേണിയില്‍ ഉള്‍പ്പെടുത്തി. അഗസ്ത്യമലയെ അന്താരാഷ്ട്ര ജൈവവൈവിധ്യ സംവരണ മേഖലയില്‍ ഉള്‍പ്പെടുത്തി സംരക്ഷിത പ്രദേശമാക്കുകയാണ് ചെയ്തത്.

കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിരായ പശ്ചിമ ഘട്ടത്തിലാണ് അഗസ്ത്യമല സ്ഥിതി ചെയ്യുന്നത്. പെറുവിലെ ലിമയില്‍ ചേര്‍ന്ന അന്താരാഷ്ട്ര കോര്‍ഡിനേറ്റിംഗ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് യുനെസ്‌കോയുടെ തീരുമാനം. ഇതോടെ ലോകത്തിലെ ജൈവമണ്ഡല സംവരണ മേഖലകളുടെ എണ്ണം 120 രാജ്യങ്ങളിലായി 669 ആയി.

തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രദേശങ്ങള്‍ 18 രാജ്യങ്ങളിലായും സ്പെയ്ന്‍-പോര്‍ച്ചുഗല്‍ അതിര്‍ത്തിയിലുമാണ് സ്ഥിതി ചെയ്യുന്നത്. മഴക്കാടുകളാല്‍ സമ്പുഷ്ടമായ പശ്ചിമഘട്ടത്തിലെ അഗസ്ത്യകൂടം സമുദ്രനിരപ്പില്‍ നിന്നും 1868 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജൈവവൈവിധ്യങ്ങളുടെ കലവറയായ ഇവിടെ 2,254 സസ്യജാലങ്ങളുണ്ടെന്നാണ് കണക്ക്. ഇവയില്‍ 400 എണ്ണം അപൂര്‍വ്വങ്ങളായി കാണപ്പെടുന്നതാണ്.

ശെന്തുരണി, പേപ്പാറ, നെയ്യാര്‍ എന്നി മൂന്ന് വന്യജീവി സങ്കേതങ്ങള്‍ ഉള്‍പ്പെടുന്നതാണ് അഗസ്ത്യമല. ഇന്ത്യയിലെ 18 ജൈവ സങ്കേതങ്ങളില്‍ 9 എണ്ണം മാത്രമാണ് യുനെസ്‌കോയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.