മാര്‍ച്ച് 21ന് മുഖ്യമന്ത്രി ഫേസ്ബുക്കിലെത്തുന്നു, ജനങ്ങളോട് സംവദിക്കാന്‍

single-img
19 March 2016

Oommen chandy-5

നവമാധ്യമങ്ങള്‍ ഉപയോഗിച്ചുളള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിണറായി വിജയനു പിന്നാലെ ഉമ്മന്‍ചാണ്ടിയും എത്തുന്നു. നിങ്ങളോടൊപ്പം എന്ന പരിപാടിയിലൂടെയാണ് ഈ വരുന്ന മാര്‍ച്ച് 21 രാത്രി 9 മുതല്‍ 9.30 വരെ ഉമ്മന്‍ചാണ്ടി പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി എത്തുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

കേരളം, രാഷ്ട്രീയ ജീവിതം, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം, വികസന പദ്ധതികള്‍, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ എല്ലാത്തിനെക്കുറിച്ചും ചോദ്യങ്ങള്‍ ചാറ്റിലൂടെ അയക്കാവുന്നതാണെന്നും സ്റ്റാറ്റസിലുളള പോസ്റ്ററില്‍ വ്യക്തമാക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നവമാധ്യമങ്ങളുപയോഗിച്ചുളള വേറിട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ആഴ്ച സിപിഐഎമ്മാണ് തുടക്കമിട്ടത്. 8826262626 എന്ന നമ്പരിലേക്ക് മിസ്ഡ് കോള്‍ അടിച്ചാല്‍ തിരിച്ച് ഫോണിലേക്ക് സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയന്‍ വിളിക്കുകയും നമസ്‌കാരം പറഞ്ഞതിനുശേഷം സ്വയം പരിചയപ്പെടുത്തി വികസനത്തിന്റെ പേരില്‍ വെറുതെ കല്ലിടുന്നതാണോ വികസനം എന്നുചോദിച്ചുകൊണ്ട് സംസാരം തുടങ്ങുകയും ചെയ്യും.

ഏറ്റവുമൊടുവില്‍ എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നു പറഞ്ഞാണ് റെക്കോഡ് ചെയ്ത പിണറായിയുടെ ശബ്ദം അവസാനിക്കുന്നത്. പിണറായിയുടെ ശബ്ദ സന്ദേശത്തിനു പിന്നാലെ വിഎസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നി നേതാക്കളും വരുംദിവസങ്ങളില്‍ മിസ്ഡ് കോള്‍ പ്രകാരം സംസാരിക്കാന്‍ എത്തും എന്നും പരസ്യത്തിലൂടെ സിപിഐഎം അറിയിച്ചിരുന്നു.