വീണ്ടും എം.എല്‍.എയായി പി.സി. ജോര്‍ജ്

single-img
17 March 2016

PC George

പി.സി. ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയ വിധിയെക്കുറിച്ച് ആശയക്കുഴപ്പം നിലനില്‍ക്കെ സ്വയം എം.എല്‍.എയായി പി.സി. ജോര്‍ജ് വീണ്ടുമെത്തി. ഇന്നലെ കൊച്ചിയില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്ത ജോര്‍ജിന്റെ കാറിനു മുന്നില്‍ എംഎല്‍എ എന്ന ബോര്‍ഡ് വീണ്ടും പ്രതിഷ്ഠിച്ചു.

താന്‍ എംഎല്‍എയായി കഴിഞ്ഞെന്ന കാര്യത്തില്‍ സംശയമേതുമില്ലെന്നും അതുകൊണ്ടു ചൊവ്വാഴ്ച തന്നെ ബോര്‍ഡ് പുന:സ്ഥാപിച്ചെന്നും ജോര്‍ജ് പറഞ്ഞു. ജോര്‍ജ് നിലവില്‍ എംഎല്‍എയാണോ എന്ന കാര്യത്തില്‍ സ്പീക്കറും നിയമസഭാ സെക്രട്ടേറിയറ്റും വ്യക്തമായ നിഗമനത്തില്‍ എത്തിയിട്ടില്ല. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തനിക്കു കിട്ടേണ്ട ആനുകൂല്യങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജിന് എംഎല്‍എ സ്ഥാനം തിരിച്ചുകിട്ടാന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ടോ, അദ്ദേഹത്തിന്റെ രാജിക്കത്ത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതു സ്പീക്കര്‍ക്കു സ്വീകരിക്കാമോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ച ശേഷമായിരിക്കും വിധിക്കെതിരെ അപ്പീല്‍ നല്‍കണോ എന്നു തീരുമാനിക്കുന്നതെന്ന് നിയമസഭാ സെക്രട്ടറി പി.ഡി. ശാരംഗധരന്‍ പറഞ്ഞു.