കോളേജിന് തൊട്ടടുത്ത് ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു കിടന്ന സ്വന്തം വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കാന്‍ കോളേജ് അധികൃതര്‍ വാഹനം വിട്ടുകൊടുത്തില്ല; അരമണിക്കൂറോളം റോഡില്‍ ജീവനുവേണ്ടി പിടഞ്ഞ യുവാവിന് ഒടുവില്‍ ദാരുണാന്ത്യം

single-img
16 March 2016

Accident

കോളേജിന് തൊട്ടടുത്ത് ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു കിടന്ന വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കാന്‍ കോളേജ് അധികൃതര്‍ വാഹനം വിട്ടുകൊടുക്കാത്തില്ല. അരമണിക്കൂമറാളം റോഡില്‍ കിടന്ന വിദ്യാര്‍ത്ഥി ഒടുവില്‍ മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ചന്തവിളയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് സെന്റ് തോമസ് ഇഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ ഇഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കണിയാപുരം നമ്പ്യാര്‍കുളം അഷറഫ് മന്‍സിലില്‍ ആസിഫ് അഷ്റഫ് (19) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

കോളേജിനു സമീപത്ത് നടന്ന അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ കോളേജിലെ വാഹനം ആവശ്യപ്പെട്ടെങ്കിലും കോളേജ് അധികൃതര്‍ വാഹനം വിട്ടുകൊടുത്തില്ല എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വാഹനാപകടം പ്രിന്‍സിപ്പല്‍ ഉഷ തോമസിനെ അറിയിച്ചുവെങ്കിലും നിരാശാജനകമായ മറുപടിയാണ് പ്രിന്‍സിപ്പലില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയതെന്നും പറയുന്നു.

ആസിഫിന്റെ മരണശേഷം ഓവര്‍ സ്പീഡ് മൂലമാണ് അപകടമുണ്ടായതെന്ന പ്രിന്‍സിപ്പലിന്റെ വാദവും വിവാദം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. കോളേജില്‍ എത്താന്‍ അഞ്ച് മിനിട്ട് താമസിച്ചാല്‍ ആയിരം രൂപ പിഴ ഈടാക്കുന്ന മാനേജ്‌മെന്റിന് സ്വന്തം വിദ്യാര്‍ത്ഥിയുടെ ജീവന്‍ രക്ഷിക്കാന്‍ വാഹനം വിട്ടുതരാന്‍ കഴിയില്ല എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദയാര്‍ത്ഥിയുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത പ്രിന്‍സിപ്പല്‍ ഉഷ തോമസ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചിരിക്കുകയാണ്.

കഴക്കൂട്ടം- പോത്തന്‍കോട് ബൈപ്പാസ് റോഡില്‍ ചന്തവിള പള്ളിയ്ക്ക് സമീപമുള്ള വളവിലാണ് അപകടം നടന്നത്. കോളേജില്‍ പരീക്ഷ നടക്കുന്നതിനാല്‍ വെട്ടുറോഡ് ഭാഗത്തു നിന്നും ചന്തവിളയിലെ കോളേജിലേയ്ക്ക് പോകുമ്പോള്‍ പോത്തന്‍കോട് ഭാഗത്തു നിന്നും എതിര്‍ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ആസിഫിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന താമരകുളം സ്വദേശിയും ആസിഫിന്റെ സഹപാഠിയുമായ അനന്തു പ്രസാദ് ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.