ലീഗിന്റെ തട്ടകമായ മലപ്പുറം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് തങ്ങള്‍ കുടുംബാംഗമായ ബാദുഷ തങ്ങള്‍

single-img
15 March 2016

Badusha Thangal

ലീഗിന്റെ തട്ടകമായ മലപ്പുറം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് തങ്ങള്‍ കുടുംബാംഗമായ ബാദുഷ തങ്ങള്‍. പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ മണ്ഡലമായ മലപ്പുറത്ത് തങ്ങള്‍ കുംബാംഗം തന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുന്നതോടെ മുസ്ലിംമത വിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടാകുമെന്നാണു പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.

പ്രവാചകനായ മുഹമ്മദ് നബിയുടെ പിന്‍മുറക്കാരായി അറിയപ്പെടുന്ന തങ്ങള്‍ കുടുംബത്തിലെ ഒരാള്‍ സ്ഥാനാര്‍ഥിയാകുന്നതോടെ ദേശീയ തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെടുമെന്നും ബി.ജെ.പി. കണക്കാക്കുന്നു. താനൂര്‍ പനങ്ങാട്ടൂര്‍ കണ്ണന്തളി സ്വദേശിയായ ബാദുഷ തങ്ങള്‍ ന്യൂനപക്ഷമോര്‍ച്ച മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്കൂടിയാണ്.

സയ്‌യദ് ഹാഷിംമുശൈഖിന്റെ പിന്‍മുറക്കാരനാണു താനെന്നും 1687 ലാണു തന്റെ പിന്‍മുറക്കാര്‍ കേരളത്തിലെത്തിയതെന്നും ബാദുഷ തങ്ങള്‍ പറയുന്നു. ആലുവയിലത്തിയ പൂര്‍വികര്‍ പിന്നീട് സാമൂതിരിയുടെ ആജ്ഞ പ്രകാരം താനൂരിലെ പനങ്ങാട്ടൂരിലെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുമായി അടുത്തിട്ട് രണ്ട്വര്‍ഷത്തോളമായി.

താനൂര്‍ മണ്ഡലത്തില്‍നിന്നും 2002 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനകീയ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച ബാദുഷ തങ്ങള്‍ പിന്നീടാണ് ബി.ജെ.പിയിലേക്കു ചേക്കേറിയത്. ശേഷം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. പ്രതിനിധിയായി താനൂര്‍ പഞ്ചായത്തില്‍ മത്സരിച്ച ബാദുഷ തങ്ങള്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിച്ച കേരളാ വിമോചനയാത്രയില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ അംഗമായിരുന്നു.