വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ വിജയിപ്പിക്കുവാന്‍ പ്രവാസികളായ 720 വോട്ടര്‍മാര്‍ എത്തുന്നത് ചാര്‍ട്ടര്‍ ചെയ്ത നാല് വിമാനങ്ങളില്‍

single-img
14 March 2016

9c43a315-ead9-434e-b3ec-824b9694e468

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ വിജയിപ്പിക്കുവാന്‍ ദുബായിലെ പ്രവാസികള്‍ എത്തുന്നത് ചാര്‍ട്ടര്‍ ചെയ്ത നാല് വിമാനങ്ങളില്‍. ലീഗിന്റെ പ്രവാസിസംഘടനയായ കേരളാ മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തിലാണു നാല് എയര്‍ഇന്ത്യ വിമാനങ്ങളില്‍ 720 വോട്ടര്‍മാര്‍ നാട്ടിലെത്തുന്നത്.

മേയ് 12-നു വിമാനങ്ങള്‍ നാട്ടിലെത്തുന്ന രീതിയിലാണു ഷെഡ്യൂള്‍ തയാറാക്കുന്നതെന്നു കെ.എം.സി.സി. പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ വെളിപ്പെടുത്തി. ഇതിന്റെ ആദ്യ ഭാഗമായി ദുബായിലുള്ള പ്രവാസികളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനും ആരംഭിച്ചു. ആദ്യദിനംതന്നെ 250 പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

ദുബായിലെ കെ.എം.സി.സി. ഓഫീസില്‍ ഏപ്രില്‍ 19 വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടരും. 12 കൗണ്ടറുകളിലായാണു രജിസ്ട്രേഷന്‍. സംസ്ഥാനത്തെ മുഴുവന്‍ നിയോജകമണ്ഡലത്തിലുള്ളവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇതുവഴി അവസരമൊരുങ്ങിയിരിക്കുകയാണ്. കൂടാതെ വോട്ട് വിമാനത്തില്‍ പോകാന്‍ തയാറെടുക്കുന്നവര്‍ അവധിക്കായി അപേക്ഷകള്‍ സമര്‍പ്പിച്ചു തുടങ്ങിയിട്ടുണ്ട്.

എയര്‍ ഇന്ത്യയുടെ 180 സീറ്റുള്ള വിമാനങ്ങളാണു ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്. ഇതിനായി വിമാനക്കമ്പനി അധികൃതരുമായി കെ.എം.സി.സി. ഭാരവാഹികള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. നാട്ടിലെ തെരഞ്ഞെടുപ്പ് പ്രക്രിയകളിലും കെ.എം.സി.സി. സജീവമായി ഇടപെടുമെന്നും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണങ്ങള്‍ക്കു പുറമേ കെ.എം.സി.സി. ഭാരവാഹികള്‍ നാട്ടിലെത്തി, യു.ഡി.എഫ്. സര്‍ക്കാര്‍ പ്രവാസികള്‍ക്കു ചെയ്ത ഗുണഫലങ്ങള്‍ പ്രചരിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ നാട്ടില്‍ കെ.എം.സി.സിയുടെ പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ചുവരുകയാണെന്ന് അന്‍വര്‍ നഹ അറിയിച്ചു.

ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ വോട്ടര്‍മാര്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യാനാകുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്കു വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടു കെ.എം.സി.സി. ഭാരവാഹികളുടെ ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്ര്വര്‍ത്തനങ്ങള്‍ക്ക് അവര്‍ തുടക്കമിട്ടുകഴിഞ്ഞു.