ഓള്‍ ഇന്ത്യ മെഡിക്കല്‍ പിജി എന്‍ട്രന്‍സ് ഒന്നാം റാങ്കുകാരനായ ഡോ. കിരണ്‍ ജോര്‍ജ് കോശി പഠനത്തിനും പ്രാക്ടീസിനും തെരഞ്ഞെടുത്തിരിക്കുന്നത് സ്വന്തം നാടുതന്നെ

single-img
14 March 2016

kiren-george-koshy

എനിക്ക് എന്റെ നാടായ തിരുവനന്തപുരം തന്നെ മതി, പഠനത്തിനും പ്രാക്ടീസിനും- പറയുന്നത് വേറെയാരുമല്ല. ഓള്‍ ഇന്ത്യ മെഡിക്കല്‍ പിജി എന്‍ട്രന്‍സ് ഒന്നാം റാങ്കുകാരനായ ഡോ. കിരണ്‍ ജോര്‍ജ് കോശിയാണ്. ഒന്നാം റാങ്കുകാരന് പഠിക്കാന്‍ ഇന്ത്യയിലെവിടെയുമുള്ള മെഡിക്കല്‍ കോളജുകള്‍ തിരഞ്ഞെടുക്കാമെന്നിരിക്കേ കരണ്‍ തെരഞ്ഞെടുത്തത് തിരുവനന്തപുരം മെഡിക്കല്‍ കോളജാണ്.

ഇന്ത്യയില്‍ എല്ലാവരും പഠിക്കാന്‍ കൊതിക്കുന്ന ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സെന്ന എയിംസിലെ പിജി എന്‍ട്രന്‍സില്‍ എട്ടാം റാങ്കുകാരനായിരുന്നു കിരണ്‍. തീര്‍ന്നില്ല മെഡിക്കല്‍ പഠനരംഗത്തു രാജ്യത്തെ മറ്റൊരു മുന്‍നിര സ്ഥാപനമായ പുതുച്ചേരി ജിപ്‌മെറിന്റെ പിജി എന്‍ട്രന്‍സിലും ഒന്നാം റാങ്ക്. എന്നാല്‍ ഇതെല്ലാം ഉപേക്ഷിച്ചു തിരുവനന്തപുരത്തു തന്നെ നില്‍ക്കുവാനാണ് കിരണ്‍ ഇഷ്ടപ്പെടുന്നത്.

തന്റെ ഇഷ്ടം ജനറല്‍ മെഡിസിനായതിനാലാണ് കരണ്‍ തിരുവനന്തപുരം തെരഞ്ഞെടുത്തതില്‍ ഒരുകാരണം. ജിപ്‌മെറില്‍ ജെനറല്‍ മെഡിസിന് ചേര്‍ന്നതാണെങ്കിലും അവിടെ ഒരു മാസം പിന്നിടുമ്പോള്‍ ഓള്‍ ഇന്ത്യ ഫലം വരികയും തുടര്‍ന്ന് തിരുവനന്തപുരത്തു തന്നെ പഠിക്കാമെന്നതിനാല്‍ ഇങ്ങോട്ടു മടങ്ങുകയുമായിരുന്നു.

ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് അധികം വൈകാതെയായിരുന്നു പരീക്ഷകളെന്നതിനാല്‍ പഠനത്തിന് ഏറെ സമയമൊന്നും കിട്ടിയില്ലെന്നും കിരണ്‍ പറഞ്ഞു. തിരുവനന്തപുരം ഐഎംഎ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഞായറാഴ്ചകളിലെ കോച്ചിങ് ക്ലാസില്‍ പങ്കെടുത്തും ബാക്കി സ്വയം പഠിച്ചുമാണ് കിരണ ഒന്നാം റാങ്കിലേക്ക് നടന്നടുത്തത്.

പിതാവ് ഡോ. ജോര്‍ജ് കോശി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി വിഭാഗം മേധാവിയാണ്. അമ്മ ഡോ. മേരി ഐപ്പ് പീഡിയാട്രിക് ന്യൂറോളജി അഡീ. പ്രഫസറും. അനുജന്‍ ദീപക്ക് എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.