ലഡാക് സെക്ടറില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിക്കിപ്പുറം കടന്നുകയറി

single-img
12 March 2016

269909-indo-china-border-700

ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികര്‍ ലഡാക് സെക്ടറില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറി. മാര്‍ച്ച് എട്ടിനാണ് സംഭവം ഉണ്ടായത്. പാന്‍ഗോങ് തടാകത്തിന് സമീപമുള്ള ഇന്ത്യയുടെ ആറ് കിലോ മീറ്റര്‍ ദൂരം ചൈനീസ് സൈനികര്‍ കടന്നു കയറിയതോടെ ഇരുഭാഗത്തും സംഘര്‍ഷാവസ്ഥ കൈവന്നിരിക്കുകയാണ്.

പാന്‍ഗോങ് തടാകത്തിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് കയ്യേറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കേണല്‍ റാങ്കിലുള്ള സൈനികന്റെ നേതൃത്വത്തില്‍ 11 സൈനികരാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ചത്. ലഡാക്കില്‍ സ്ഥിതിചെയ്യുന്ന പാന്‍ഗോങ് തടാകത്തിന്റെ 45 കിലോമീറ്റര്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലാണ്. 90 കിലോമീറ്റര്‍ ചൈനീസ് അതിര്‍ത്തിക്കുള്ളിലുണ്ട്.

ചൈനീസ് സൈന്യം നാല് വാഹനങ്ങളിലായാണ് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് 5.5 കിലോമീറ്റര്‍ അകത്തേക്ക് വന്നത്. വിവരമറിഞ്ഞ് ഇന്തോ ടിബറ്റന്‍ പൊലീസ് ഉടന്‍ തന്നെ പെട്രോളിങ് നടത്തുകയായിരുന്നു. മണിക്കൂറുകളോളം ഇരു കൂട്ടരും നേര്‍ക്കു നേര്‍ നിലയുറപ്പിച്ചെങ്കിലും ഒടുവില്‍ ചൈനീസ് സൈനികര്‍ പിന്‍മാറി.

ശക്തമായ ആയുധങ്ങളുമായാണ് ചൈനീസ് സംഘം അതിര്‍ത്തി കടന്നത്. യുദ്ധസമാനമായ അന്തരീക്ഷത്തില്‍ ഇന്തോ ടിബറ്റന്‍ പൊലീസും ആയുധങ്ങള്‍ കരുതിയിരുന്നു. സഗഭവത്തിനു ശേഷം ഇന്തയ പെട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്.