പുലര്‍ച്ചേ പോലും കേരളം വിയര്‍ത്തൊലിക്കുന്നു; ചൂട് ഇനിയും കൂടുമെന്നും വരള്‍ച്ച രൂക്ഷമാകുമെന്നും കാലാവസ്ഥാ മുന്നറിയിപ്പ്

single-img
12 March 2016

Kerala-water

എല്‍നിനോ പ്രതിഭാസം ലോകം മുഴുവന്‍ പിടിമുറുക്കുന്നു. ആഗോളതലത്തില്‍ കാലാവസ്ഥ തകിടംമറിഞ്ഞു. സന്‍ഫ്രാന്‍സിസ്‌കോയില്‍ പെരുമഴ, ഗള്‍ഫില്‍ വെള്ളപ്പൊക്കം, ഇത്യോപ്യയില്‍ കൊടുംപട്ടിണി, കേരളത്തില്‍ കൊടുംചൂട് എന്നരീതിയിലാണ് കാലാവസ്ഥ മാറിയിരിക്കുന്നത്. സാധാരണ കൊടും ചൂടിന്റെ അവസരങ്ങളില്‍ ഗള്‍ഫില്‍ അനുഭവപ്പെടുന്ന അതേ കാലാവസ്ഥയിലേക്കാണ് മകരളം എത്തുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണ്ടെത്തല്‍.

കണ്ണൂരും പാലക്കാടും റിക്കോര്‍ഡ് ചൂടാണ് അനുഭപ്പെടുന്നത്. എല്‍ നിനോ പ്രതിഭാസം കാരണം ചൂട് ഇനിയും കൂടുമെന്നും വരള്‍ച്ച രൂക്ഷമാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂമധ്യരേഖയ്ക്കു സമീപം ശാന്തസുമദ്രത്തിലെ താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് എല്‍ നിനോയ്ക്കു കാരണം. കടല്‍വെള്ളത്തിന്റെ ചൂടു വര്‍ധിക്കുന്നതോടെ കാലാവസ്ഥയില്‍ നാടകീയമായ മാറ്റങ്ങള്‍ വരുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം.

2015 ഒക്ടോബറില്‍ സമുദ്രോഷ്മാവ് 2.4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലും ചൂടേറിയിരുന്നു. ഇതിന്റെ ഫലമായി ഇന്തൊനീഷ്യയിലും ഓസ്ട്രേലിയയിലും പ്രത്യാഘാതങ്ങള്‍ സംഭവിച്ചു. അതേസമയം, ശാന്തസമുദ്രത്തിന്റെ കിഴക്കന്‍ മേഖലയിലും മധ്യമേഖലയിലും സമുദ്രോപരിതല സമ്മര്‍ദം താഴുകയാണ് ചെയ്തത്.

ഒന്നുകില്‍ കൊടുംചൂട് അല്ലെങ്കില്‍ വെള്ളപ്പൊക്കവും പെരുമഴയും എന്ന തരത്തില്‍ രണ്ടു മുതല്‍ ഏഴുവര്‍ഷം വരെയുള്ള ഇടവേളകളിലാണ് എല്‍ നിനോ പ്രതിഭാസം ആവര്‍ത്തിക്കുക. ഓരോ തവണയും കാലാവസ്ഥാ വ്യതിയാനവും വ്യത്യാസപ്പെട്ടിരിക്കും. വര്‍ഷാവസാനമാണു ഈ പ്രതിഭാസത്തിന്റെ തുടക്കം. 2014 അവസാനം ആരംഭിച്ച എല്‍ നിനോ ആണ് ഇപ്പോള്‍ കേരളത്തില്‍ പിടിമുറുക്കിയിരിക്കുന്നത്.

എല്‍ നിനോയ്ക്കൊപ്പം ആഗോളതാപനവും ചേര്‍ന്ന് 2016 ഏറ്റവും ചൂടുള്ള വര്‍ഷമായി മാറുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.

സ്പാനിഷ് ഭാഷയില്‍ആണ്‍കുട്ടി എന്ന അര്‍ത്ഥമാണ് എല്‍നിനോ എന്ന വാക്കിന്. എല്‍ നിനോയുടെ മറുവശമാണു ലാ നിന. സ്പാനിഷ് ഭാഷയില്‍ പെണ്‍കുട്ടി എന്നര്‍ഥം. എല്‍ നിനോ ഫലമായി ശാന്തസമുദ്രത്തിലെ താപനില വര്‍ധിപ്പിക്കുകയാണെങ്കില്‍ ലാ നിനയുടെ ഫലമായി താപനില മൂന്നു മുതല്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുകയാണ് ചെയ്യുക. എല്‍ നിനോയുടെ തുടര്‍ച്ചയായാണു ലാ നിനയുടെ വരവ്. എല്‍ നിനോ വരള്‍ച്ചയുണ്ടാക്കുന്ന ഏഷ്യയിലും ആഫ്രിക്കയിലും ലാ നിന കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടാക്കുകയാണ് ചെയ്യുക.