നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും ചേര്‍ന്ന് വിലക്കിയ തന്റെ ലീല സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഓഫീസിനു മുന്നില്‍ കടയിട്ട് ഈ സിനിമയുടെ സിഡി വില്‍ക്കുമെന്ന് സംവിധായകനായ രഞ്ജിത്ത്

single-img
12 March 2016

Lela

നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന തന്റെ ലീല സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഓഫീസില്‍ ഒരു കടയിട്ട് ഈ സിനിമയുടെ സിഡി വില്‍ക്കുമെന്ന് സംവിധായകനായ രഞ്ജിത്ത്. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ ദിവസവേതനം ഫെഫ്ക വര്‍ധിപ്പിച്ചതിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സിനിമ പണിമുടക്ക് പ്രഖ്യാപിച്ചതു വകവയ്ക്കാതെ ‘ലീല’യുടെ ഷൂട്ടിങ് ആരംഭിച്ചതിനാലാണു സംഘടനകളുടെ നടപടി.

‘നിര്‍മാതാക്കളുടെ സമരം തുടരുമ്പോള്‍ എന്റെ സിനിമയുടെ ചിത്രീകരണം തുടര്‍ന്നു എന്നത് സത്യമാണ്. അക്കാരണത്താല്‍ എന്നെ അവരുടെ അസോസിയേഷനില്‍ നിന്നും പുറത്താക്കി. എന്തായാലും ഏപ്രില്‍ മാസം ലീല റിലീസ് ചെയ്യാനാണ് എന്റെ തീരുമാനം. തിയറ്ററുകളില്‍ എന്റെ സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന തീരുമാനം അവര്‍ എടുത്തതായി അറിഞ്ഞു. എന്നോട് ഈ വിവരം അറിയിച്ച തിയറ്റര്‍ ഉടമകളുടെ പേര് വെളിപ്പെടുത്താന്‍ സാധിക്കില്ല. രഞ്ജിത് അറിയിച്ചു.

ഞാന്‍ പ്രേക്ഷകര്‍ക്കു വേണ്ടിയാണ് സിനിമയെടുക്കുന്നത്. എന്റെ സിനിമ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഓഫീസില്‍ ഒരു കടയിട്ട് ഈ സിനിമയുടെ സിഡി ഞാന്‍ വില്‍ക്കും. രഞ്ജിത്ത് പറഞ്ഞു.