ഇരവിപേരൂര്‍ പഞ്ചായത്തിലെ സ്വകാര്യ ബൈബിള്‍ കോളജിന് വഴിവിട്ട രീതിയില്‍ സര്‍ക്കാര്‍ നല്‍കിയത് 20 ലക്ഷം രൂപ

single-img
10 March 2016

1457465197_1457465197_b9p

സര്‍ക്കാരിന്റെ വഴിവിട്ട സഹായംസ്വകാര്യ ബൈബിള്‍ കോളജിനും. ഇരവിപേരൂര്‍ പഞ്ചായത്തിലുള്ള ബൈബിള്‍ കോളജിന് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ 20 ലക്ഷം രൂപയാണ് ഉന്നതങ്ങളിലെ സ്വാധീനത്തിലൂടെ ലഭിച്ചത്. മഴവെള്ളസംഭരണി നിര്‍മിക്കാനെന്ന പേരില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ എന്ന പദ്ധതിയിലാണ് പണം അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലാണ് സര്‍ക്കാര്‍ സഹായം ലഭ്യമായത് സംബന്ധിച്ച് വിവരങ്ങള്‍ ഉള്ളത്. 60 ലക്ഷം രൂപ ചെലവില്‍ ഒന്നേകാല്‍ കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണി രണ്ടേക്കര്‍ സ്ഥലത്താണ് നിര്‍മിച്ചിരിക്കുന്നത്. 2013-2014 സാമ്പത്തിക വര്‍ഷത്തില്‍ പണം അനുവദിക്കുമ്പോള്‍ സമീപവാസികളുടെ കൃഷിക്കു കൂടി സഹായകമായ തരത്തില്‍ മഴവെള്ള സംഭരണി നിര്‍മിച്ചിരിക്കുന്നു എന്ന് വ്യാജമായി കാണിച്ചാണ് സര്‍ക്കാര്‍ സഹായം നേടിയെടുത്തത്. ഇതിനാണ് 20 ലക്ഷം രൂപ സഹായമായി ലഭിച്ചത്.

ബൈബിള്‍ കോളജില്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാത്ത തരത്തില്‍ അടുത്തിടെ നിര്‍മാണം നടക്കുന്നതായിക്കാണിച്ച് നാട്ടുകാര്‍ പഞ്ചായത്ത് തലത്തിലും സബ് കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. പ്രസ്തുത പരാതി പരിശോധിക്കാനെത്തിയ പഞ്ചായത്ത് അസി. സെക്രട്ടറി ജയന്‍ ഉള്‍പ്പെടെയുള്ളവരെ കോളജ് അധികൃതര്‍ തടഞ്ഞു വച്ചു. അന്നത്തെ കൃഷി ഓഫീസര്‍ ആര്‍. അജയകുമാറിന്റെ ശുപാര്‍ശയോടെയാണ് ധനസഹായം അനുവദിച്ചത്. തടഞ്ഞുവെച്ച സംഭവം വന്‍ വിവാദമായിരുന്നു.

അധികൃതര്‍ക്ക് കയറാന്‍ കഴിയാത്തിടത്ത് പൊതുജനങ്ങള്‍ എങ്ങനെ കയറി വെള്ളം ഉപയോഗിക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം. കെ ഇ ഏബ്രബാം ഫൗണ്ടേഷന്റെ പേരില്‍ പാസ്റ്റര്‍ ടി.എസ്.ഏബ്രഹാമാണ് അപേക്ഷ സമര്‍പ്പിച്ച് ധനസഹായം നേടിയത്. ഇത്രയും തുകയുണ്ടായിരുന്നെങ്കില്‍ സമീപ വാസികള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ പദ്ധതി നടപ്പാക്കാന്‍ കഴിയുമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.