ശ്രീശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആര്‍ട്ട് ഓഫ് ലീവിംഗ് ഫൗണ്ടേഷന്റെ സാംസ്‌കാരിക സമ്മേളനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് 2.25 കോടി രൂപ

single-img
10 March 2016

Sri

ശ്രീശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആര്‍ട്ട് ഓഫ് ലീവിംഗ് ഫൗണ്ടേഷന്റെ സാംസ്‌കാരിക സമ്മേളനത്തിന് കേന്ദ്രസര്‍ക്കാര്‍ രണ്ടര കോടി രൂപ ഗ്രാന്‍ഡായി അനുവദിച്ചതായി റിപ്പോറട്ടുകള്‍. ദേശീയ വാര്‍ത്താ ചാനലായ എന്‍ഡിടിവിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കേന്ദ്രമന്ത്രിസഭയില്‍ സാംസ്‌ക്കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി മഹേഷ് ശര്‍മ്മയാണ് ആര്‍ട്ട് ഓഫ് ലീവിംഗിന്റെ പരിപാടിക്കായി 2.25 കോടി രൂപ ഗ്രാന്‍ഡ് നല്‍കിയത്.

രാജ്യത്തുടനീളം നടക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന സാംസ്‌ക്കാരിക സമ്മേളനങ്ങള്‍ക്ക് ഫണ്ട് നല്‍കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് ഫണ്ട് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രവിശങ്കര്‍ തന്നെ നടത്തുന്ന ബംഗളൂരുവിലുള്ള വ്യക്തി വികാസ് കേന്ദ്ര ട്രസ്റ്റിനാണ് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കിയിരിക്കുന്നത്. സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പരിപാടിക്ക് രണ്ടര കോടി രൂപ വെറുതെ നല്‍കുക എന്നത് ആശ്ചര്യപ്പെടുത്തുന്നതായി വിദഗ്ധര്‍ പറയുന്നു.

ആര്‍ട്ട് ഓഫ് ലീവിംഗ് ഫൗണ്ടേഷന്റെ പരിപാടിയെ തുടക്കം മുതല്‍ പിന്തുണയ്ക്കുന്ന സമീപനമാണ് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ കൈക്കൊണ്ടിരുന്നത്. ടൂറിസത്തെയും സംസ്‌ക്കാരത്തെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കാറുണ്ടെന്നും പരിപാടി നടത്തുന്നവര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലല്ലോ എന്നതുമാണ് കേന്ദ്രമന്ത്രിയുടെ നിലപാട്.