ഉത്തരകൊറിയന്‍ ഏകാധിപതി കിംജോങ് ഉന്‍ ബാലിസ്റ്റിക് മിസൈലുകളില്‍ ആണവ പോര്‍മുനകള്‍ ഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കി

single-img
9 March 2016

north-korea-624830

ഉത്തരകൊറിയന്‍ ഏകാധിപതി കിംജോങ് ഉന്‍ ബാലിസ്റ്റിക് മിസൈലുകളില്‍ ആണവ പോര്‍മുനകള്‍ ഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. രാജ്യത്തിനെതിരായ ആക്രമങ്ങളെ തടയുന്നതിനായി ആണവായുധങ്ങളുടെ ശേഖരം നിര്‍മിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തനം നടന്നുവരുന്ന പ്രദേശങ്ങളില്‍ കിം സന്ദര്‍ശനം നടത്തിയതായി ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ അറിയിച്ചു.

ജനുവരിയില്‍ ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചിരുന്നതിനെ തുടര്‍ന്ന് ഇരുപതു വര്‍ഷത്തിനിടയില്‍ ഉണ്ടായതില്‍ വച്ച് ഏറ്റവും കര്‍ശനമായ ഉപരോധം ഐക്യരാഷ്ട്ര സംഘടന ഉത്തരകൊറിയയുടെ മേല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പരീക്ഷണം നടത്തിയത് ഹൈഡ്രജന്‍ ബോംബല്ല, ആണാവായുധമായിരുന്നു എന്നുള്ള വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ഉപരോധം ബലപ്പെടുത്തിയത്.

ദക്ഷിണ കൊറിയ, ജപ്പാന്‍, യുഎസ് എന്നീ രാജ്യങ്ങള്‍ക്കാണ് ഉത്തര കൊറിയയുടെ ഭീഷണിയുള്ളത്. പുതിയതായി വികസിപ്പിച്ചെടുത്ത റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കിം ജോങ് പരിശോധിച്ചിരുന്നു. ഉപരോധം ഏര്‍പ്പെടുത്തി മണിക്കൂറുകള്‍ക്കകം ഉത്തരകൊറിയ അയച്ച ആറ് ഹ്രസ്വ ദൂര മിസൈലുകള്‍ 100-150 കിലോമീറ്റര്‍ സഞ്ചരിച്ചാണു കടലില്‍ പതിച്ചതെന്നു ദക്ഷിണകൊറിയ വെളിപ്പെടുത്തിയിരുന്നു.