വൈക്കത്ത് ചെമ്പിലെ 150 ഏക്കര്‍ നിലം നികത്താന്‍ സ്വകാര്യ കമ്പനിക്ക് റവന്യു വകുപ്പ് മിച്ചഭൂമി ഇളവ് നല്‍കി

single-img
9 March 2016

Chembu

കോട്ടയം വൈക്കത്ത് ചെമ്പിലെ 150 ഏക്കര്‍ നിലം നികത്താന്‍ സ്വകാര്യ കമ്പനിക്ക് റവന്യു വകുപ്പ് മിച്ചഭൂമി ഇളവ് നല്‍കി. മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹൈക്കോടതി മുന്നോട്ട് വന്നതിനു പിന്നാലെയാണ് അടുത്ത വിവാദവും തലപൊക്കിയിരിക്കുന്നത്. സ്വകാര്യ കമ്പനിയായ സ്മാര്‍ട്ട് ടൗണ്‍ഷിപ്പ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കു വേണ്ടി ചെമ്പ് വില്ലേജിലെ ആറാട്ടുകരി പാടശേഖരം ഉള്‍പ്പെടുന്ന 150.73 ഏക്കര്‍ നിലത്തിനായിട്ടാണ് റവന്യു വകുപ്പ് ഉത്തരവിറക്കിയത്.

സമൃദ്ധി വില്ലേജ് പ്രൊജക്റ്റ് ആരംഭിക്കുന്നതിന് സ്വകാര്യ കമ്പനിക്കുവേണ്ടി കേരള ഭൂപരിഷ്‌കരണ നിയമം സെക്ഷന്‍ 81(13) പ്രകാരം മുന്‍കൂര്‍ ഇളവ് അനുവദിച്ചാണ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഉത്തരവിറക്കിയത്. കഴിഞ്ഞ മാസം രണ്ടിനു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇതിന് അനുമതി നല്‍കിയത്. ഫെബ്രുവരി മൂന്നിനാണ് ജില്ലാ കലക്റ്റര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ നിലം നികത്തുന്നത് സംബന്ധിച്ച് തീരുമാനമായത്.

പരമാവധി 15 ഏക്കര്‍ വരെയെ കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മിച്ചഭൂമി കൈവശം വെക്കാനാവു എന്നാണ് നിയമം. 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന് വിരുദ്ധമായി നിലം നികത്താന്‍ പ്രത്യേക ഇളവനുവദിച്ചത് വന്‍ വിവാദത്തിലേക്കാണ് വഴിവെച്ചിരിക്കുന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ, പരിസ്ഥിതി സംരക്ഷണ നിയമ വ്യവസ്ഥകള്‍ പ്രകാരമുളള ക്ലിയറന്‍സ് ലഭ്യമായതിനുശേഷമേ 1500 കോടിയോളം നിര്‍മ്മാണ ചെലവ് വരുന്ന പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാവു എന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.