രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് വായ്പ നല്‍കിയ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കാനിരിക്കേ വിജയ് മല്യ രാജ്യം വിട്ടു

single-img
9 March 2016

vijay

കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യ രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് വായ്പ നല്‍കിയ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കാനിരിക്കേ വിജയ് മല്യ രാജ്യം വിട്ടു. ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍, ജസ്റ്റിസ് യു യു ലളിത് എന്നിവരങ്ങടിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.

വിജയ് മല്യ യുണൈറ്റഡ് സ്പിരിറ്റ്സിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞശേഷം കുടുംബവുമൊത്ത് ഇംഗ്ലണ്ടിലേക്ക് താമസം മാറാന്‍ തീരുമാനിച്ചതോടെയാണ് ബാങ്കുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. യുണൈറ്റഡ് സ്പിരിറ്റ്സ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നതിന് ഡിയാഗോയുമായി ഉണ്ടാക്കി കരാര്‍ പ്രകാരം മല്യയ്ക്ക് ലഭിക്കേണ്ട 515 കോടി രൂപ നല്‍കുന്നത് കഴിഞ്ഞ ദിവസം ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ തടഞ്ഞിരുന്നു. ഇന്ത്യയിലെ 17 ബാങ്കുകള്‍ക്കായി 7000 കോടിയിലധികം രൂപയാണ് മല്യ നല്‍കേണ്ടത്.

ഈ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കുന്നത് എസ് ബി ഐയുമാണ്. മല്യയെ അറസ്റ്റ് ചെയ്യണമെന്നും പാസ്പോര്‍ട്ട് പിടിച്ചെടുക്കണമെന്നും എസ്ബിഐ ആവശ്യപ്പെട്ടിരുന്നു. 1600 കോടി രൂപയാണ് മല്യ എസ് ബിഐയ്ക്ക് നല്‍കാനുള്ളത്.