ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം ഭായ് ഭായ് തന്നെ;താഴേ തട്ടിലെ പ്രചാരണവും ഒരുമിച്ച്

single-img
9 March 2016
09jote

Courtesy:Dwijodas Ghosh

നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ സിപിഎമ്മുമായുള്ള ധാരണയ്ക്ക് കോൺഗ്രസിന് ഹൈക്കമാൻഡിന്‍റെ പച്ചക്കൊടി കിട്ടിയതിനു പിന്നാലെ താഴേ തട്ടിലെ പ്രചാരണവും സിപിഎമ്മിനൊപ്പം ആരംഭിച്ചു.സഖ്യമല്ലാതെ പ്രാദേശിക നീക്കുപോക്ക് ആകാമെന്ന് സിപിഎം കേന്ദ്ര നേതൃത്വം തീരുമാനിച്ചിരുന്നു.

ഒരുമിച്ചുള്ള പ്രചാരണം ഉണ്ടാകില്ലെന്ന് സിപിഎം പരസ്യമായി പറയുന്നുണ്ടെങ്കിലും താഴെ തട്ടിൽ കോണ്‍ഗ്രസ്-സിപിഎം പ്രവർത്തകർ ഒരുമിച്ചാണു സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർഥിക്കുന്നത്.മയുരേശ്വർ മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥിക്കൊപ്പം കോൺഗ്രസ് പ്രവർത്തകരും കഴിഞ്ഞ ദിവസം വോട്ട് അഭ്യർഥിച്ചിരുന്നു.അരൂപ് ബാഗിനായാണു കോണ്‍ഗ്രസ്-സിപിഎം പ്രവർത്തകർ ഒരുമിച്ച് വോട്ട് അഭ്യർഥിച്ചത്.

തനിക്ക് അനുകൂലമായി കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് അരൂപ് ബാഗ് പറഞ്ഞു.മിക്ക ഗ്രാമങ്ങളിലും ഇരു പാർട്ടികളും ഒരുമിച്ചാണു വോട്ട് അഭ്യർഥിച്ചത്.സ്ഥാനാർഥിയുടെ വരവിനെക്കുറിച്ച് സിപിഎം പ്രവർത്തകർ അറിയിച്ചതാണെന്നും അതിനാലാണു ഒരുമിച്ച് വോട്ട് അഭ്യർഥിയ്ക്കാൻ എത്തിയതെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു

ഒരുമിച്ചുള്ള പ്രചാരണത്തെക്കുറിച്ചുള്ള ചോദ്യത്തിനു രാഷ്ട്രീയത്തിൽ ആരുമായും തൊട്ടുകൂടായ്മ ഇല്ലെന്ന് ബംഗാൾ പിസിസി അധ്യക്ഷൻ അധിർ ചൗധരി പറഞ്ഞു