വാഹനാപകടത്തില്‍ പതിനേഴുകാരിയായ തന്റെ മകള്‍ മരിച്ച തിരക്കേറിയ തെരുവില്‍ ഇനിയൊരു മരണം ഉണ്ടാകാതിരിക്കാന്‍ ഡോറിസ് ഫ്രാന്‍സിസ് എന്ന വീട്ടമ്മ ഗതാഗതം നിയന്ത്രിക്കുന്നു, ഒന്നും ആഗ്രഹിക്കാതെ

single-img
9 March 2016

Deris

ഉത്തര്‍പ്രദേശിലെ ഗാസിയബാദിലെ ആ തിരക്കുള്ള തെരുവില്‍ ചെന്നാല്‍ ട്രാഫിക് നിയന്ത്രിക്കുന്ന ഒരു സ്ത്രീയെ കാണാം. ദിനവും രാവിലെ ഏഴുമണി മുതല്‍ 10 മണിവരെ ഘോഡ, ഇന്ദിരപുരം, ഡല്‍ഹി റൂട്ടിലെ ട്രാഫിക് നിയന്ത്രിക്കുന്ന ആ സ്ത്രീ ഒരമ്മയാണ്. വാഹനാപകടത്തില്‍ തന്റെ മകള്‍ നഷ്ടപ്പെട്ടപ്പോള്‍ മറ്റൊരാള്‍ക്കും ആ ഗതി വരരുതെന്ന് ആഗ്രഹിച്ച് മറ്റൊന്നും ആഗ്രഹിക്കാതെ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്ത ആ അമ്മയുടെ പേര് ഡോറിസ് ഫ്രാന്‍സിസ് എന്നാണ്.

ആറ് വര്‍ഷം മുമ്പ് യുപിയിലെ ഗാസിയാബാദിലെ തിരക്കുള്ള ജംഗ്ഷനില്‍ വെച്ചുണ്ടായ അപകടത്തിലാണ് ഡോറിസിന് തന്റെ മകള്‍ 17 വയസുകാരി നിക്കിയെ നഷ്ടപ്പെട്ടത്. മകളുടെ ദാരുണ മരണത്തിന് ഇടയാക്കിയ ആ അപകടത്തിനു ശേഷം ഉറച്ച തീരുമാനത്തോടെ മകള്‍ക്ക് അപകടം സംഭവിച്ച സ്ഥലത്തെ ട്രാഫിക് നിയന്ത്രണം ആ അമ്മ ഏറ്റെടുക്കുകയായിരുന്നു.

6 വര്‍ഷങ്ങള്‍ക്ക് മുമ്പ് മകള്‍ക്കു സുഖമില്ലാത്തതിനാല്‍ ഡോക്ടറെ കാണിക്കാന്‍ അവളെയും കൊണ്ട് ആശുപത്രിയില്‍ പോയി മടങ്ങുന്ന വഴിയിലാണ് ഘോഡയില്‍ നിന്ന് വലത്തേക്കുള്ള വളവു തിരിഞ്ഞ അവരുടെ റിക്ഷയിലേക്ക് ഒരു കാര്‍ വന്നിടിച്ചത്. അപകടം നടന്നയുടന തന്നെ നാട്ടുകാര്‍ അവരെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ശ്വാസകോശത്തില്‍ ഗുരുതരമായ പരിക്കേറ്റ നിക്കി ഗുരുതരാവസ്ഥതയിലാകുകയായലിരുന്നു. ഒടുവില്‍ ഒരു വര്‍ഷത്തെ നരകയാതനയ്ക്കു ശേഷം നിക്കി വിടപറഞ്ഞു.

തന്റെ മകളുടെ ജീവനെടുത്ത ആ ജംഗ്ഷനില്‍ ഇനി ഒരു ജീവന്‍ അവിടെ പൊലിയരുത് ആ ആഗ്രഹത്തോടെ ഡോറിസ് ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഫലം ഇച്ഛിക്കാതെയുള്ള ഡോറിസിന്റെ സേവനത്തെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്ന് ട്രാഫിക് പോലീസ് അറിയിച്ചു കഴിഞ്ഞു. മാതൃകാപരമായ ഇത്തരം പ്രവര്‍ത്തനങ്ങളുമായി പൊതുജനം മുന്നോട്ടു വരണമെന്നു തന്നെയാണ് പോലീസിന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു.