താമര വിരിയുമെന്ന് പ്രതീക്ഷിക്കുന്ന നേമത്തോ വട്ടിയൂര്‍കാവിലോ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കവുമായി പി.പി മുകുന്ദന്‍

single-img
7 March 2016

p p mukundan1

ബി.ജെ.പി വെല്ലുവിളിയായി പി.പി മുകുന്ദന്‍ തെരഞ്ഞെടുപ്പ് രംഗത്ത്. നേമത്തോ വട്ടിയൂര്‍ക്കാവിലോ മുകുന്ദന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചന. തനിക്കുമേല്‍ മത്സരിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു.

താമര വിരിയുമെന്നു ബി.ജെ.പി ഏറെ പ്രതീക്ഷിക്കുന്നു നേമത്തോ കുമ്മനം മത്സരിക്കാനൊരുങ്ങുന്ന വട്ടിയൂര്‍കാവിലോ സ്വതന്ത്രനാകാനാണു മുകുന്ദനു മേല്‍ സമ്മര്‍ദ്ദം. ബി.ജെ.പി അണികളും തലസ്ഥാനത്തെ സുഹൃത്തുക്കളുമെല്ലാം നിര്‍ബന്ധം പിടിക്കുന്നതായി മുകുന്ദന്‍ വ്യക്തമാക്കി.

പി.പി മുകുന്ദന്‍ ബി.ജെ.പിയിലേക്ക് മടങ്ങുന്നുവെന്ന് കേട്ട് തുടങ്ങിയിട്ട് കാലം കുറച്ചായി. ബി.ജെ.പിയുടെ വാതില്‍ ഏവര്‍ക്കും തുറന്നിട്ടിരിക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയിരുന്നെങ്കിലും മുകുന്ദന്‍ പുറത്തു തന്നെയായിരുന്നു. ബി.ജെ.പിയിലേക്ക് തിരിച്ചുവരാനുള്ള സമ്മതം വ്യക്തമാക്കിയിട്ടും കുമ്മനം വിളിക്കാത്തതിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മടക്കം വൈകുന്നതിലെ കടുത്ത അതൃപ്തി തന്നെയാണു പുതിയ നീക്കത്തിനു പിന്നിലെന്നാണ് സൂചന. മുകുന്ദന്റെ പുതിയ നീക്കങ്ങള്‍ക്കു പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണ ഉള്ളതായും പറയുന്നുണ്ട്.