മുസ്ലിം ലീഗ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളായി ഒരു വനിതയെപ്പോലും പരിഗണിക്കാത്തതിനെതിരെ കടുത്ത പ്രതിഷേധവുമായി വനിതാ ലീഗ്

single-img
5 March 2016

kamarunnisa-anwar

മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ വനിതാ പ്രവര്‍ത്തകള്‍ രംഗത്ത്. മുസ്ലിം ലീഗ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരു വനിതയെപ്പോലും പരിഗണിക്കാത്തതിനെതിരെയാണ് കടുത്ത പ്രതിഷേധവുമായി വനിതാ ലീഗ് മുന്നോട്ട് വന്നത്. സ്ത്രീകള്‍ മത്സരിച്ചാല്‍ ജയിക്കില്ല എന്ന ധാരണ ശരിയല്ലെന്ന് വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നിസ അന്‍വര്‍ പറഞ്ഞു.

സംവരണത്തിലൂടെ മാത്രമെ സ്ത്രീകളെ നിയമസഭയിലും, പാര്‍ലമെന്റിലും എത്തിക്കാന്‍ കഴിയു. കാലങ്ങളായി മത്സരിക്കുന്നവര്‍ മാറാന്‍ തയ്യാറാകാത്തതാണ് വനിതകള്‍ക്കും, യുവാക്കള്‍ക്കും സീറ്റ് നിഷേധിക്കുന്നതിന് പ്രധാന കാരണം. വനിതകള്‍ക്ക് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അര്‍ഹമായ പരിഗണന നല്‍കണമെന്ന് ഹൈദരലി ശിഹാബ് തങ്ങളോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ പുറത്തുവന്ന ലിസ്റ്റുകളിലൊന്നും വനിതകളില്ല എന്നുള്ളത് ദുഃഖകരമാണ്. അവര്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം യുഡിഎഫില്‍ ലഭിക്കുന്നില്ലെന്നും ഇടതുപക്ഷമാണ് സ്ത്രീകളെ ഭരണരംഗത്ത് കൂടുതലായി എത്തിക്കുന്നതെന്നും ഖമറുന്നിസ അന്‍വര്‍ പറഞ്ഞു.