പിറവത്ത് മന്ത്രി അനൂപിനെതിരെ നടന്‍ ശ്രീനിവാസനെ രംഗത്തിറക്കാന്‍ എല്‍ഡിഎഫ് നീക്കം

single-img
3 March 2016

sreenivasan

പിറവം നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മന്ത്രി അനൂപ് ജേക്കബിനെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നടന്‍ ശ്രീനിവാസന്‍ മത്സരിക്കുമെന്ന് അഭ്യൂഹം. സീറ്റുചര്‍ച്ച നടക്കുന്ന ഈ സമയത്ത് മണ്ഡലത്തിനു പുറമേ നിന്നുള്ളവര്‍ മുതല്‍ പുതുമുഖങ്ങളുടെ പേരുകള്‍വരെ എല്‍ഡിഎഫിന്റെ പരിഗണനയിലുണ്ടെങ്കിലും യുഡിഎഫ് മണ്ഡലമായ പിറവത്ത് അനൂപ് ജേക്കബിനുള്ള താരത്തിളക്കം ശ്രീനിവാസനിലൂടെ നിഷ്പ്രഭമാക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

മാത്രമല്ല, ശ്രീനീവാസന്‍ താമസിക്കുന്നതും പിറവത്തിന്റെ അതിര്‍ത്തിയായ മുളന്തുരുത്തി വട്ടുക്കുന്നിന് സമീപത്താണെന്നതും വിജയത്തെ സ്വാധീനിക്കുന്ന ഘടകമായി ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാല്‍ ശ്രീനിവാസന്‍ ഇതിനോട് താല്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും അറിയുന്നത്.

ശ്രീനിവാസന്റെ അഭാവത്തില്‍ അനൂപ് ജേക്കബിനെതിരെ പുതുമുഖത്തെ മത്സരിപ്പിക്കണമെന്നുള്ള ആവശ്യം ശക്തമാകുകയാണെങ്കില്‍ സിപിഎമ്മിന്റെ മുളന്തുരുത്തി ഏരിയ കമ്മിറ്റിയംഗമായ സി.കെ. റെജിയുടെ പേരാണ് രപഥമ പരിഗണനയിലുള്ളത്. മുന്‍ എംഎല്‍എ എം.ജെ.ജേക്കബും സജീവമായി മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. എം.ജെ. ജേക്കബ് ഉപതെരഞ്ഞെടുപ്പിലടക്കം രണ്ടു തവണ പരാജയപ്പെട്ടതിനാല്‍ ഇദ്ദേഹത്തിന് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്തുവരികയാണ്.