രാജ്യസ്‌നേഹത്തിന്റെ പേരില്‍ മുസ്ലീങ്ങളെ ചോദ്യം ചെയ്യുന്ന ആര്‍.എസ്.എസിനെതിരെ സ്വാമി അഗ്നിവേശ്

single-img
2 March 2016

M_Id_380513_Swami_Agnivesh

രാജ്യസ്‌നേഹത്തിന്റെ പേരില്‍ മുസ്ലീങ്ങളെ ചോദ്യം ചെയ്യുന്ന ആര്‍.എസ്.എസിനെതിരെ സ്വാമി അഗ്നിവേശ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ പേരെങ്കിലും സംഘടന പറയണമെന്നും അഗ്നിവേശ് ആവശ്യപ്പെട്ടു. എന്നാല്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച ആയിരക്കണക്കിന് മുസ്ലീങ്ങളുടെ പേര് പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സമാധാനവും നീതിയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”രാജ്യസ്നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവരോട് ചിലത് ചോദിക്കാനുണ്ട്. ജയിലുകളില്‍ പീഡനങ്ങള്‍ സഹിച്ചും ജീവത്യാഗം ചെയ്തും സ്വാതന്ത്ര്യത്തിനു വേണ്ടി വീര മൃത്യു വരിച്ച ആയിരക്കണക്കിന് മുസ്ലീങ്ങളുടെ പേരുകള്‍ ഞാന്‍ നല്‍കാം. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ച് മരണം വരിച്ച ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ പേരെങ്കിലും ആര്‍.എസ്.എസ് നല്‍കണം” അഗ്നിവേശ് പ്രസ്താവിച്ചു.

ചുരുക്കം ചിലര്‍് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും അത് രാജ്യസ്നേഹത്തിന്റെ പേരിലല്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്ക് ചാരവൃത്തി ചെയ്താണ് അവര്‍ സമരത്തില്‍ ഭാഗഭാക്കായത്. അങ്ങനെയുള്ളവര്‍ക്ക് മറ്റുള്ളവരുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സംഘടനകള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ സംസാരിക്കുന്നത് നിലവിലെ സാഹചര്യത്തെ വര്‍ഗീയ വല്‍ക്കരിക്കാനും അതുവഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.