മലപ്പുറത്തെ അലീഗഢ് സര്‍വ്വകലാശാല ഓഫ് ക്യാമ്പസ് അടച്ച് പൂട്ടും; മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തോട് സ്മൃതി ഇറാനിയുടെ ഭീഷണി

single-img
2 March 2016

smriti1

മലപ്പുറത്തെ അലീഗഢ് സര്‍വ്വകലാശാല ക്യാമ്പസ് സെന്ററിന് കൂടുതല്‍ ധനസഹായം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ കണ്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘത്തോട് സര്‍വ്വകലാശാല ഓഫ് ക്യാമ്പസ് അടച്ച് പൂട്ടുമെന്ന് മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ ഭീഷണി. കൂടാതെ കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരമെത്തിയ അലിഗഢ് സര്‍വ്വകലാശാല വിസിയെ സ്മൃതി ഇറാനി അപമാനിച്ച് ഇറക്കിവിട്ടുവെന്നും ആരോപണമുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംഘവും മലപ്പുറം അലിഗഢ് സര്‍വ്വകലാശാല ഓഫ് ക്യാമ്പസിന് കൂടുതല്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെ കണുമ്പോഴായിരുന്നു സംഭവം. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായ സ്വീകരണമാണ് കേന്ദ്രമന്ത്രിയുടെ ഭാഗത്തു നിന്നുമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അലിഗഢ് സര്‍വ്വകലാശാല ആരംഭിച്ച ഓഫ് ക്യാമ്പസുകള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും സര്‍വ്വകലാശാല വിസി എന്ത് അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഓഫ് ക്യാമ്പസുകള്‍ അനുവദിച്ചതെന്നും സ്മൃതി ഇറാനി മുഖ്യമന്ത്രിയോട് ചോദിക്കുകയായിരുന്നു.

അലിഗഡിന്റെ മലപ്പുറത്തടക്കമുള്ള എല്ലാ കേന്ദ്രങ്ങള്‍ അടച്ച് പൂട്ടുമെന്നും കേന്ദ്ര മന്ത്രി മുഖ്യമന്ത്രിയോടും സംഘത്തോടും പറയുകയായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ഇടി മുഹമ്മദ് ബഷീര്‍ എംപിയാണ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്.

പ്രസ്തുത സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷം തിരുവനന്തപുരത്തെത്തിയ സ്മൃതി ഇറാനിയെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയടക്കമുള്ള സംഘം വീണ്ടും കണ്ടവെങ്കിലും മന്ത്രിയുടെ നിലപാടില്‍ മാറ്റമുണ്ടായില്ല. തുടര്‍ന്ന് ജനുവരി എട്ടിന് ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ അലിഗഢ് വിസി സമീറുദ്ധീന്‍ ഷാ മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം എത്തിയിരുന്നു. സ്മൃതി ഇറാനിയുടെ ഓഫീസിലെത്തിയ വി്‌സിയോട് താങ്കളെ ആരാണ് താങ്കളെ ക്ഷണിച്ചതെന്ന് ചോദിച്ച് കേന്ദ്രമന്ത്രി അപമാനിക്കുകയായിരുന്നു.

താങ്കള്‍ക്ക് ശമ്പളം തരുന്നത് മാനവ വിഭവശേഷി മന്ത്രാലയമാണെന്നും അതല്ലാതെ കേരള മുഖ്യമന്ത്രിയല്ല എന്ന കാര്യം മറക്കരുതെന്നും പറഞ്ഞ് കേന്ദ്രമന്ത്രി വി.സിയെ മുറഐിയില്‍ നിന്നും ഇറക്കിവിട്ടെന്നും മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.