രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കുമെന്ന് രാജ്നാഥ് സിംഗ്

single-img
1 March 2016

RAJNATH

രാജ്യദ്രോഹ നിയമം സര്‍ക്കാര്‍ പുനഃപരിശോധിച്ചുവരികയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. രാജ്യദ്രോഹ നിയമത്തിന്റെ അര്‍ത്ഥമെന്താണെന്ന് അറിയാമോ എന്ന് കോടതി പോലീസിനോട് ആരാഞ്ഞിരുന്നതിന്റെ പിന്നാലെയാണ് രാജ്യദ്രോഹകുറ്റം സംബന്ധിച്ച നിയമത്തില്‍ മാറ്റം വരുത്തുമെന്ന സൂചനയുമായി രാജ്നാഥ് സിംഗ് രംഗത്തെത്തിയത്. ലോക്‌സഭയിലാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം സൂചിപ്പിച്ചത്.

രാജ്യദ്രോഹ നിയമത്തില്‍ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് നിയമ കമ്മീഷന്‍ പരിഗണിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, നിയമ ഭേദഗതിക്ക് നിലവിലെ വിവാദങ്ങളുമായി ബന്ധമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഭരണഘടനയിലെ 124-എ വകുപ്പാണ് രാജ്യദ്രോഹകുറ്റം സംബന്ധിച്ച നിര്‍വചനം നല്‍കിയിരിക്കുന്നത്.

പോലീസ് രാജ്യദ്രോഹ നിയമം രാജ്യവ്യാപകമായി ദുരുപയോഗിക്കുന്നിണ്ടെന്നും സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്നും എം.ബി രാജേഷ് എം.പി മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഭേദഗതി സംബന്ധിച്ച് 2014ല്‍ തന്നെ ലോ കമ്മിഷന് നിര്‍ദേശം നല്‍കിയിരുന്നതായും ചില മേഖലയിലെ ഭേദഗതി സംബന്ധിച്ച് കമ്മിഷന്‍ സൂചന നല്‍കിയിരുന്നുവെന്നും ആഭ്യന്തര സഹമന്ത്രി ഹരിഭായ് പ്രതിഭായ് ചൗധരി അറിയിച്ചു.